India
nana patole
India

കഷ്​ടിച്ച്​ ജയിച്ചു കയറി മഹാരാഷ്​ട്ര കോൺഗ്രസ്​ അധ്യക്ഷൻ; ഭൂരിപക്ഷം 208 വോട്ട്​

Web Desk
|
23 Nov 2024 4:45 PM GMT

102 സീറ്റിൽ മത്സരിച്ച കോൺഗ്രസ്​​ 16 ഇടങ്ങളിൽ മാത്രമാണ്​ ജയിച്ചത്​

മുംബൈ: മഹാരാഷ്​ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സകോലി മണ്ഡലത്തിൽനിന്ന് കോൺഗ്രസ്​ അധ്യക്ഷൻ നാന ​പ​ട്ടോലെക്ക്​ നേരിയ ഭൂരിപക്ഷത്തിൽ വിജയം. 208 വോട്ടിനാണ്​ ​ ഫോ​ട്ടോ ഫിനിഷിൽ ജയം സ്വന്തമാക്കിയത്​. ബിജെപിയുടെ അവിനാഷ്​ ആനന്ദ്​ റാവുവിനെയാണ്​ ​പരാജയപ്പെടുത്തിയത്​. രാത്രി ഏറെ വൈകിയായിരുന്നു ഫലപ്രഖ്യാപനം.

27 റൗണ്ട്​ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 658 വോട്ടിന്​ മുന്നിലായിരുന്നു അവിനാഷ്​. എന്നാൽ, 28ാമത്തെയും അവസാനത്തെയും റൗണ്ട്​ എണ്ണിക്കഴിഞ്ഞപ്പോൾ 208 വോട്ടി​െൻറ നേരിയ ഭൂരിപക്ഷത്തിൽ പ​ട്ടോലെ വിജയിക്കുകയായിരുന്നു. ഫലപ്രഖ്യാപന ശേഷം ബിജെപി സ്​ഥാനാർഥിയും മറ്റു നേതാക്കളും വോട്ടുകൾ വീണ്ടും എണ്ണണമെന്ന്​ ആവശ്യപ്പെട്ടു. എന്നാൽ, തെരഞ്ഞെടുപ്പ്​ റി​ട്ടേണിങ്​ ഓഫീസർ ഇത്​ നിരസിച്ചു.

കഴിഞ്ഞതവണ 6240 വോട്ടി​െൻറ ഭൂരിപക്ഷത്തിലായിരുന്നു സകോലിയിൽ നാനാ പ​ട്ടോലെയുടെ വിജയം. വിദർഭ മേഖലയിലെ ഭന്ധാര ജില്ലയിലെ മണ്ഡലമാണ്​ സകോലി.

വലിയ പരാജയമാണ്​ കോൺഗ്രസി​െൻറ നേതൃത്വത്തിലുള്ള മഹാവികാസ്​ അഘാഡി സഖ്യം മഹാരാഷ്​ട്രയിൽ ഏറ്റുവാങ്ങിയത്​. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകളിൽ വിജയിച്ചു.​

മഹാവികാസ്​ അഘാഡി 49 സീറ്റിൽ ഒതുങ്ങി. 102 സീറ്റിൽ മത്സരിച്ച കോൺഗ്രസ്​​ 16 സീറ്റിൽ മാത്രമാണ്​ ജയിച്ചത്​. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ പൃ​ഥ്വിരാജ്​ ചവാൻ, മുതിർന്ന നേതാവ്​ ബാലസാഹബ്​ തൊറാട്ട്​ തുടങ്ങിയവരെല്ലാം പരാജയം നുണഞ്ഞു. ശിവസേന ഉദ്ധവ്​ വിഭാഗം 20 സീറ്റും എൻസിപി ശരത്​ പവാർ വിഭാഗം ഒമ്പത്​ സീറ്റും നേടി.

Similar Posts