India
The Scindia Factor: How BJP Crushed Congress To Win Madhya Pradesh
India

മധ്യപ്രദേശിലെ ബി.ജെ.പി വിജയത്തിൽ നിർണായകമായത് സിന്ധ്യ ഫാക്ടർ

Web Desk
|
3 Dec 2023 10:44 AM GMT

സിന്ധ്യക്ക് സ്വാധീനമുള്ള ചമ്പൽ-ഗ്വാളിയോർ മേഖലയിൽ ബി.ജെ.പി വൻ മുന്നേറ്റമാണ് നടത്തിയത്.

ന്യൂഡൽഹി: കമൽനാഥിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് മധ്യപ്രദേശിൽ ബി.ജെ.പി ചരിത്രവിജയം നേടുമ്പോൾ കരുത്ത് തെളിയിച്ചത് ജ്യോതിരാദിത്യ സിന്ധ്യ. 2018ൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും 2020ൽ സിന്ധ്യയും 22 എം.എൽ.എമാരും ബി.ജെ.പി ക്യാമ്പിലെത്തിയതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്. നിലവിൽ 230 സീറ്റുകളിൽ 167 സീറ്റിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. 62 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്.

2018ലെ കോൺഗ്രസ് വിജയത്തിൽ സിന്ധ്യക്ക് സ്വാധീനമുള്ള ചമ്പൽ-ഗ്വാളിയോർ മേഖലയിലെ പ്രകടനം വലിയ പങ്കാണ് വഹിച്ചിരുന്നത്. ചമ്പൽ-ഗ്വാളിയോർ മേഖലയിൽ എട്ട് ജില്ലകളാണുള്ളത്. ഗ്വാളിയോർ, ശിവപുരി, ദതിയ, അശോക്‌നഗർ, ഗുണ എന്നീ ജില്ലകൾ ഗ്വാളിയോർ മേഖലയിലും മൊറേന, ഭിന്ദ്, ഷിയോപൂർ എന്നിവ ചമ്പൽ മേഖലയിലുമാണ്. പഴയ ഗ്വാളിയോർ രാജകുടുംബത്തിന്റെ ഭരണത്തിന് കീഴിലായിരുന്ന ഈ പ്രദേശം. ഗ്വാളിയോർ രാജകുടുംബത്തിൽപ്പെട്ട ആളാണ് ജ്യോതിരാദിത്യ സിന്ധ്യ.

2018ൽ ചമ്പൽ മേഖലയിലെ 13 സീറ്റുകളിൽ പത്തിലും കോൺഗ്രസാണ് വിജയിച്ചിരുന്നത്. ഷിയോപൂർ, സബൽഗഡ്, ജൗറ, സുമാവാലി, മൊറേന, ദിമാനി, അംബ, ലഹർ, മെഹ്‌ഗോൺ, ഗൊഹാദ് എന്നീ സീറ്റുകളാണ് കോൺഗ്രസ് നേടിയത്. വിജയ്പൂർ, അതെർ എന്നീ സീറ്റുകളിൽ ബി.ജെ.പിയും ഭിന്ദിൽ ബി.എസ്.പിയുമാണ് വിജയിച്ചത്.

എന്നാൽ ഇത്തവണ സബൽഗഡ്, ലഹാർ, മെഹ്‌ഗോൾ മണ്ഡലങ്ങളിൽ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. സുമാവാലി, ദിമാനി സീറ്റുകളിൽ ബി.എസ്.പിക്കാണ് മുന്നേറ്റം. കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച വിജയ്പൂർ കോൺഗ്രസ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ ബി.എസ്.പി വിജയിച്ച ഭിന്ദിൽ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.

ഗ്വാളിയോർ മേഖലയിൽ 21 സീറ്റുകളാണുള്ളത്. ഇതിൽ നാലെണ്ണം 2002 മുതൽ 2014 വരെ ജ്യോതിരാദിത്യ സിന്ധ്യ വിജയിച്ച ഗുണ പാർലമെന്റ് മണ്ഡലത്തിലാണ്. 2018ൽ ഗ്വാളിയോർ മേഖലയിൽ അഞ്ച് സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. എന്നാൽ ഇത്തവണ ഗ്വാളിയോർ മേഖല ബി.ജെ.പി തൂത്തുവാരുമെന്ന ഫലസൂചനകളാണ് വരുന്നത്. ഗ്വാളിയോർ സിറ്റി, ഗ്വാളിയോർ ഈസ്റ്റ്, ഗ്വാളിയോർ സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്.

ശിവപുരി ജില്ലയിൽ കരേര, പൊഹാരി, പിച്ചോരെ മണ്ഡലങ്ങളിൽ 2018ൽ കോൺഗ്രസാണ് വിജയിച്ചിരുന്നത്. ഇത്തവണ ശിവപുരി ടൗണിലും കൊലാരസിലും ബി.ജെ.പിയാണ് മുന്നിട്ടുനിൽക്കുന്നത്. കരേര, പൊഹാരി മണ്ഡലങ്ങിൽ കോൺഗ്രസ് തന്നെയാണ് ഇത്തവണയും ലീഡ് ചെയ്യുന്നത്.

ഗുണ ജില്ലയിൽ ബമോരി, രധോഗഡ് മണ്ഡലങ്ങൾ കോൺഗ്രസ് നിലനിർത്തി. ചാചൗധ ബി.ജെ.പി നേടി. 2018ൽ കോൺഗ്രസ് തൂത്തുവാരിയ അശോക് നഗറിൽ ഇത്തവണ ചന്ദേരി മണ്ഡലം നഷ്ടമായി. മുംഗോളി, അശോക്‌നഗർ മണ്ഡലങ്ങൾ നിലനിർത്താൻ പാർട്ടിക്കായി.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ പരിഹാസവുമായി സിന്ധ്യ രംഗത്തെത്തി. 'എന്റെ ഉയരത്തെക്കുറിച്ച് ഒരാൾ പറഞ്ഞിരുന്നു. എന്നാൽ ഗ്വാളിയോർ-മാൾവ മേഖലയിലെ ജനങ്ങൾ അവർക്ക് എത്ര ഉയരമുണ്ടെന്ന് കാണിച്ചുകൊടുത്തു'-പ്രിയങ്കയുടെ പേര് പറയാതെയായിരുന്നു സിന്ധ്യയുടെ പരിഹാസം.

Similar Posts