പുതുപ്പള്ളിയില്‍ നാളെ തെളിയുന്നത് ഇന്‍ഡ്യ മുന്നണിയുടെ കന്നിപരീക്ഷണത്തിന്റെ വിജയവും
|ഉത്തർപ്രദേശിലെ ഘോസി നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് ഇന്‍ഡ്യ മുന്നണി ആദ്യമായി മത്സരിക്കുന്നത്
ഡല്‍ഹി: പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നാളെ തെളിയുന്നത് ഇന്‍ഡ്യ മുന്നണിയുടെ കന്നിപരീക്ഷണത്തിന്റെ വിജയവും. ഉത്തർപ്രദേശിലെ ഘോസി നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് ഇന്‍ഡ്യ മുന്നണി ആദ്യമായി മത്സരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയുടെ വ്യത്യസ്ത സമിതികളുടെ യോഗം 13ന് ചേരും.
യുപിയിൽ സമാജ്വാദി പാർട്ടി എം.എൽ.എ ആയിരുന്ന ദാരാസിംഗ് ചൗഹാൻ, കടുത്ത ആത്മവിശ്വാസത്തോടെയാണ് രാജി വച്ചു ബി.ജെ.പിയിൽ ചേർന്നു വീണ്ടും ഘോസിയിൽ നിന്നും ജനവിധി തേടുന്നത്. മുൻ എം.എൽ.എ സുധാകർ സിംഗിനെ എസ്.പി, സൈക്കിൾ ചിഹ്നത്തിൽ ഇറക്കിയതോടെ കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ വേണ്ടെന്നു വച്ചു. ആർ എൽ ഡിയും ഇടത് പാർട്ടികളും ആർ ജെ ഡിയും പിന്തുണ നൽകി. ബി.എസ്.പിയും സ്ഥാനാർഥിയെ ഒഴിവാക്കിയെങ്കിലും ഈ വോട്ട് ഇന്‍ഡ്യക്കാണോ അതോ എൻ.ഡി.എയ്ക്കാണോ എന്ന് അറിയാൻ നാളെ കൂടി കാത്തിരിക്കണം.
ജാര്‍ഖണ്ഡ്,ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ തവണത്തെ പോലെ പ്രതിപക്ഷ നിര ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടാണ്. 543 അംഗ ലോക്സഭയിലെ 80 ലോക് സഭാ മണ്ഡലങ്ങൾ യുപിയിലാണ്. അതുകൊണ്ട് ഹിന്ദി ഹൃദയഭൂമിയിൽ നടക്കുന്ന ഘോസി പോരാട്ടത്തിലേക്കാണ് എല്ലാ കണ്ണുകളും എത്തി നിൽക്കുന്നത്. 13-ാം തിയതി ശരത് പവാറിന്റെ ഡൽഹി വസതിയിൽ ചേരുന്ന കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷം 18 ന് രാവിലെ ഇന്‍ഡ്യ മുന്നണി നേതാക്കൾ പാർലമെന്റില്‍ വീണ്ടും ഒത്തുകൂടും. പ്രത്യേക സമ്മേളനത്തിൽ സ്വീകരിക്കേണ്ട നടപടികൾ ആദ്യ ദിനം സമ്മേളനം തുടങ്ങുന്നതിനു മുൻപായി തീരുമാനിക്കും.