സംപ്രേഷണ വിലക്ക്; മീഡിയവൺ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു
|അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യാമെന്ന് സുപ്രിംകോടതി അറിയിച്ചു
ഡല്‍ഹി: സംപ്രേഷണ വിലക്കിനെ ചോദ്യം ചെയ്ത മീഡിയവൺ ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കോടതി നടപടി ആരംഭിച്ചപ്പോൾ മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേ മീഡിയവൺ കേസ് ശ്രദ്ധയിൽപ്പെടുത്തി ഉടൻ കേൾക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സമ്മതിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് മീഡിയവൺ കേസ് കേൾക്കുന്നത്.
ചാനലിന് വിലക്കെർപ്പെടുത്തിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു മീഡിയവൺ ഫയൽ ചെയ്ത ഹരജിയിൽ ഇന്ന് അന്തിമവാദം കേള്‍ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കേന്ദ്രനടപടി മരവിപ്പിച്ച്,മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് ഹരജിയിൽ സുപ്രിംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. കേന്ദ്രം സമർപ്പിച്ച സീൽഡ് കവർ പരിശോധിച്ച ശേഷമാണ് സുപ്രിംകോടതി ചാനലിന് പ്രവർത്തനാനുമതി നൽകിയത്.
മീഡിയവൺ ചാനൽ ഉടമകളോ 325 ജീവനക്കാരോ ഒരുഘട്ടത്തിലും ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ പ്രമോദ് രാമൻ നൽകിയ ഹരജിയിലും സൂചിപ്പിക്കുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ, തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹരജികളിൽ പറയുന്നു. മുതിർന്ന അഭിഭാഷകരായ മുകൾ റോത്തഗി,ദുഷ്യന്ത് ദവെ,ഹുസേഫാ അഹമ്മദി എന്നിവരാണ് ഹരജിക്കാർക്കായി ഹാജരാകുന്നത്.