അരിക്കൊമ്പന്‍റെ ഹരജിയിൽ കേരളത്തിന് തിരിച്ചടി; സംസ്ഥാനം നൽകിയ ഹരജി സുപ്രിം കോടതി തള്ളി
|അരിക്കൊമ്പൻ വിഷയം നാളെ വീണ്ടും സുപ്രീംകോടതിയിൽ പരാമർശിക്കാൻ അവസരം നൽകിയിട്ടുണ്ട്
ഡൽഹി: അരിക്കൊമ്പന്‍റെ ഹരജിയിൽ കേരളത്തിന് തിരിച്ചടി. വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നൽകിയ ഹരജി സുപ്രിം കോടതി തള്ളി. ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് സുപ്രിം കോടതി ഹരജി തള്ളിയത്. വിദഗ്ധ സമിതി പറഞ്ഞതിന് മേലേ സംസ്ഥാന സർക്കാരിന് പോകാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഏഴ് പേരെ കൊന്ന ആനയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും അരിക്കൊമ്പൻ ഭീഷണി ഉയർത്തുന്നുണ്ടെന്നും കേരളം ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളൊന്നും പ്രായോഗികമല്ലെന്നും കേരളം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയ ശേഷമാണ് ഹരജി തള്ളിയത്. അരികൊമ്പൻ വിഷയം നാളെ വീണ്ടും സുപ്രീംകോടതിയിൽ പരാമർശിക്കാൻ അവസരം നൽകിയിട്ടുണ്ട്.
അപകടകാരികളായ മൃഗങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വൈൽഡ് ലൈഫ് വാർഡനാണെന്നും അതിനാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം വൈൽഡ് ലൈഫ് വാർഡന് നൽകണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകാൻ കഴിയുന്നില്ലെന്നും കേരളം ചൂണ്ടിക്കാണിച്ചിരുന്നു. ഹൈക്കോടതിയുടെ എല്ലാ വിധികളും സ്റ്റേ ചെയ്യണമെന്നും പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നത് പ്രയോഗികമല്ലെന്നും സംസ്ഥാനം അറിയിച്ചിരുന്നു. ഏഴ് പേരെ കൊലപ്പെടുത്തിയ അരിക്കൊമ്പൻ 2017-ൽ മാത്രം 52 വീടുകളും കടകളും തകർത്തു.