മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യം, ഇരകൾ സുപ്രിംകോടതിയിൽ
|കേസ് മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹി: മണിപ്പൂരിൽ നഗ്നരാക്കി നടത്തിയ ശേഷം കൂട്ടബലാത്സംഗത്തിനിരയായ രണ്ട് യുവതികൾ സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി സ്വമേധയാ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ആക്രമണത്തിൽ നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും കേന്ദ്രസംസ്ഥാന സർക്കാറുകൾക്കെതിരായ ഹരജിയിൽ പറയുന്നു.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്തിൽ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെയാവും പരിഗണിക്കുക. ഈ കേസ് സി.ബി.ഐക്ക് കൈമാറിയെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സത്യവാങ്മൂലം അറിയിച്ചിട്ടുണ്ട്. കേസ് മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്നാണ് കേന്ദ്രസർക്കാറിന്റെ ആവശ്യം. ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ സംഘടനകൾ നൽകിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും.
അതേസമയം, മണിപ്പൂർ കലാപ വിഷയത്തിൽ കേന്ദ്രസർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ചർച്ച ചെയ്യുന്ന തീയതി ഇന്ന് പ്രഖ്യാപിക്കും. എല്ലാ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് തീയതി പ്രഖ്യാപിക്കുന്നത്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. അവിശ്വാസ പ്രമേയം ചർച്ച ചെയ്ത ശേഷം മതി ബാക്കി നടപടികൾ എന്നതാണ് പ്രതിപക്ഷ നിലപാട്. മണിപ്പൂർ സന്ദർശിച്ച പ്രതിപക്ഷ എംപിമാർ അവിടുത്തെ സാഹചര്യം പാർലമെന്റിൽ വിവരിക്കാൻ ശ്രമിച്ചേക്കും. അതേസമയം ഡൽഹി സർവീസ് ഓർഡിനൻസ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.