താപനില 50 ഡിഗ്രി വരെ ഉയരും; ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ശക്തി പ്രാപിക്കുന്നു
|കൽക്കരിക്ഷാമം പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുകയാണ്
ഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രീ സെൽഷ്യസ് കടക്കുമെന്ന് പ്രവചനം. നേരിയ മഴ ലഭിക്കുമെങ്കിലും ചൂട് കുറയില്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. അതേസമയം വൈദ്യുതോൽപ്പാദന രംഗത്തെ കൽക്കരിക്ഷാമം പരിഹരിക്കാൻ ഉള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുകയാണ്.
കഴിഞ്ഞ 122 വർഷത്തിനിടെ ഏറ്റവും ചൂട് കൂടിയ ഏപ്രിലിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. 3 ഉഷ്ണ തരംഗങ്ങളും ഏപ്രിലിൽ രൂപം കൊണ്ടു. മെയ് മാസത്തിലും ചൂട് കൂടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. മാർച്ച് ഏപ്രിൽ മാസങ്ങളിലെ വേനൽ മഴയുടെ അഭാവമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില ഉയരാൻ കാരണം. ഏപ്രിലിലും മാർച്ചിലും ലഭിക്കേണ്ടിയിരുന്ന മഴയുടെ 80 ശതമാനത്തിലേറെ ലഭിച്ചിട്ടില്ല.
അതേസമയം ചൂട് കൂടുന്നതിനനുസരിച്ച് രാജ്യത്തെ ഊർജ ഉപയോഗവും വർധിക്കുന്നുണ്ട്. താപ വൈദ്യുത നിലയങ്ങൾ നേരിടുന്ന കൽക്കരി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ കൽക്കരി എത്തിക്കുകയാണ് കേന്ദ്ര സർക്കാർ. അടുത്ത പത്തു ദിവസം ശരാശരി പ്രതിദിനം 1.5 മില്യൻ ടൺ കൽക്കരി വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നും കേന്ദ്രം അറിയിച്ചു.
കൽക്കരി എത്തിച്ചു നൽകുന്നതിനായി കൂടുതൽ വാഗണുകളും സജ്ജമാക്കിയിട്ടുണ്ട്. 537 വാഗണുകളാണ് കൽക്കരി നീക്കത്തിനായി ഇന്ന് ഉപയോഗിച്ചത്. അതേസമയം വൈദ്യുതി ക്ഷാമത്തിൽ കേന്ദ്രത്തിനെ വിമർശിച്ച് രാഹുൽ ഗാന്ധിയും പി ചിദംബരവും രംഗത്തെത്തി. പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതിൽ കേന്ദ്രം ആരെയാണ് പഴിചാരാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇതും നെഹറുവിന്റെ കുറ്റമാണോ എന്നായിരുന്നു രാഹുൽഗാന്ധിയുടെ പരിഹാസം.