പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണിക്കത്തിലുള്ളത് കൊച്ചി സ്വദേശിയുടെ പേര്; നിരപരാധിയെന്ന് ജോണി
|കത്തയച്ചത് താനല്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടതായി ജോണി മീഡിയവണിനോട് പറഞ്ഞു
കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ലഭിച്ച ഭീഷണിക്കത്തിലുള്ളത് എറണാകുളം സ്വദേശി എൻ.ജെ ജോണിയുടെ പേര്. ജോണിയെ പൊലീസ് ചോദ്യം ചെയ്തു. കത്തിന് പിന്നിൽ പൂർവവൈരാഗ്യമാണെന്നും താന്‍ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതായും ജോണി പറഞ്ഞു.
കലൂർ സ്വദേശി ജോസഫ് ജോണി എന്ന പേരാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഭീഷണിക്കത്തിൽ ഉണ്ടായിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻ.ജെ ജോണിയിലേക്കും അന്വേഷണം എത്തിയത്. കത്തിലുള്ളത് തന്‍റെ കയ്യക്ഷരം അല്ലെന്നാണ് ജോണി പൊലീസിനോട് പറഞ്ഞത്. പൊലീസ് കത്ത് കാണിക്കുമ്പോഴാണ് താൻ ഇതിനെക്കുറിച്ച് അറിയുന്നത്. കത്തെഴുതിയത് മറ്റൊരാളാണെന്ന് പൊലീസിനെ ബോധ്യപ്പെടുത്തിയെന്നും ജോണി പറഞ്ഞു.
തങ്ങള്‍ മനസാ വാചാ ഒന്നുമറിഞ്ഞിട്ടില്ലെന്ന് ജോണിയുടെ മകള്‍ പറഞ്ഞു. ''ഇതിനു പിന്നില്‍ ആരാണെന്ന് അറിയാം, പക്ഷെ അതു പൊലീസ് തെളിയിക്കട്ടെ. ഇന്ന് രാവിലെ ഇന്‍റലിജന്‍സിന്‍റെ ആള്‍ക്കാര്‍ ഇവിടെ വന്ന് വിവരങ്ങള്‍ ശേഖരിച്ചു. അച്ഛനെ ചോദ്യം ചെയ്തിരുന്നു. അവര്‍ കയ്യക്ഷരമൊക്കെ പരിശോധിച്ചു. അച്ഛന്‍ സെന്‍റ്.പോള്‍സ് കോളേജില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്തിരുന്നു. റിയട്ടയറായിട്ട് 15 വര്‍ഷമായി. ബുധനാഴ്ചയാണ് കത്ത് ലഭിച്ചത്. കത്ത് തങ്ങള്‍ കണ്ടിട്ടില്ല. വൈരാഗ്യമുള്ള ആരെങ്കിലുമായിരിക്കും കത്തയച്ചത്. അച്ഛന്‍ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇന്നും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ല. അത് ഞങ്ങള്‍ തന്നെ വന്ന് നേരിട്ട് നിങ്ങളോട് പറയും. '' മകള്‍ പറഞ്ഞു.
കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചാവേറാക്രമണം ഉണ്ടാകുമെന്നായിരുന്നു കത്തിലെ ഭീഷണി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്. ഇന്‍റലിജന്‍സ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഭീഷണിക്കത്തിനെക്കുറിച്ച് പറയുന്നത്. പിഎഫ്ഐ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ ഭീഷണിയെ അതീവഗൗരവത്തോടെ കാണണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.