India
assam nrc
India

അസമിൽ 27 പേരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ സംഭവം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമെന്ന് ബന്ധുക്കൾ

Web Desk
|
8 Sep 2024 5:12 AM GMT

‘ഇന്ത്യൻ പൗരനാണെന്നതിനുള്ള എല്ലാ രേഖകളും മജിസ്ട്രേറ്റ് പരിശോധിച്ച് ഉറപ്പുവരുത്തി’

ന്യൂഡൽഹി: അസമിൽ വിദേശികളെന്ന് പ്രഖ്യാപിച്ച് 27 പേരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന് തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ.

ഇന്ത്യൻ പൗരന്മാരാണെന്നതിനുള്ള എല്ലാ രേഖകളും മജിസ്ട്രേറ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. തടവിലാക്കുന്നതിന് മുമ്പ് ഇവരെ കള്ളം പറഞ്ഞാണ് എസ്പി ഓഫീസിലെത്തിച്ചതെന്നും ബന്ധുക്കൾ മീഡിയവണിനോട് പറഞ്ഞു.

തന്റെ സഹോദരന്റെ ഭാര്യയോട് രേഖകളുമായി കോടതിയിൽ എത്താൻ നിർദേശിക്കുകയായിരുന്നുവെന്ന് അസം സ്വദേശി ഉസ്മാൻ പറയുന്നു. ഇതനുസരിച്ച് ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുമായി കോടതിയിൽ പോയി. അതിനുശേഷമാണ് ബാർപേട്ട എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചത്. അവിടെനിന്ന് തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയിരുന്നുവെന്നും ഉസ്മാൻ പറഞ്ഞു.

രേഖകളെല്ലാം ശരിയെന്ന് പറഞ്ഞ ശേഷമായിരുന്നു ക്യാമ്പിലേക്ക് കൊണ്ടുപോയതെന്ന് മറ്റൊരാൾ പറഞ്ഞു. തന്റെ സഹോദരന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകാന് നോട്ടീസ് അയക്കുകയായിരുന്നു. എല്ലാ രേഖകളും പരിശോധിച്ചശേഷം ശരിയാണെന്ന് പറഞ്ഞു.

അതിനുശേഷം അടുത്ത ദിവസം എസ്പി ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവിടെയെത്തിയശേഷം അവരെ ക്യാമ്പിലേക്ക് മാറ്റി.

രാഷ്ട്രീയ വിഷയമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇവർ അനധികൃത കുടിയേറ്റക്കാർ ആയിരുന്നെങ്കിൽ സർക്കാർ എന്തുകൊണ്ട് ഇത്രയും നാൾ നടപടി സ്വീകരിച്ചില്ലെന്നും തടവിലാക്കപ്പെട്ടയാളുടെ ബന്ധു ചോദിക്കുന്നു. കുടുംബാംഗങ്ങൾ എല്ലാവരും ആശങ്കയിലാണ്. നിരപരാധികളെ വിട്ടയക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Similar Posts