ഒന്നാം മാറാട് കേസിലെ രണ്ട് പ്രതികൾക്ക് കേരളത്തിലേക്ക് മടങ്ങാം
|ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷാജി, ശശി എന്നിവര്‍ക്കാണ് സുപ്രിം കോടതി അനുമതി നൽകിയത്
ഡൽഹി: ഒന്നാം മാറാട് കേസിലെ രണ്ട് പ്രതികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ അനുമതി നൽകി സുപ്രിം കോടതി . ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷാജി, ശശി എന്നിവര്‍ക്കാണ് സുപ്രിം കോടതി അനുമതി നൽകിയത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ആണ് സുപ്രിം കോടതിയുടെ അനുമതി. ഇരുവരും എറണാകുളം ജില്ല വിട്ട് പോകരുത് എന്നാണ് വ്യവസ്ഥ. ജാമ്യത്തിലുള്ള ഇവർ നിലവിൽ മംഗലാപുരത്താണ് കഴിയുന്നത്.
2020 ൽ ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും കേരളത്തിലേക്ക് പോകരുതെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. വ്യവസ്ഥപ്രകാരം മൂന്ന് വർഷമായി ഇവർ കർണാടകത്തിലാണ് കഴിഞ്ഞിരുന്നത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണം എന്ന് കാണിച്ച് നൽകിയ ഹരജിയിലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്.
2002 ജനുവരി 4 ന് അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഷാജിയും ശശിയും. കേസിലെ മറ്റു പ്രതികളെ വെറുതെ വിടുകയും ഇവരെ ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയുമായിരുന്നു.