തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന് കാരണം വിദേശ ഇടപെടലുകളും: കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ
|‘പ്രതിപക്ഷത്തിനൊപ്പം ചില വിദേശ കൈകൾ സജീവമായിരുന്നു’
ജയ്പുർ: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയത്തിന് വിദേശ ഇടപെടലുകളും കാരണമായെന്ന് കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ. ജയ്പുരിൽ ബി.ജെ.പി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിനൊപ്പം ചില ‘വിദേശ കൈകൾ’ സജീവമായിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കരുതെന്ന് അവർ ആഗ്രഹിച്ചെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.
അതേസമയം, വിദേശ ഇടപെടലുകൾ ഒരു കാരണം മാത്രമാണെന്ന് രാജസ്ഥാന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വിനയ് സഹസ്രബുദ്ധ പറഞ്ഞു. ബി.ജെ.പിക്ക് 65 സീറ്റുകൾ നഷ്ടപ്പെട്ടെന്നും പാർട്ടി ആത്മപരിശോധന നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാൾ മറ്റൊരാളുടെ നേർക്ക് വിരൽ ചൂണ്ടുമ്പോൾ മറ്റു നാല് വിരലുകൾ ചൂണ്ടുന്നത് അവനവനിലേക്കാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ സംസ്ഥാന പ്രവർത്തക സമിതി യോഗമാണ് ജയ്പുരിൽ നടന്നത്. എട്ടായിരത്തോളം നേതാക്കളും പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 സീറ്റിൽ 11 ഇടത്തും ബി.ജെ.പി പരാജയപ്പെട്ടിരുന്നു.