വിനേഷ് ഫോഗട്ട് മലർത്തിയടിച്ചത് ബ്രിജ് ഭൂഷണെയും; വിജയം അധിക്ഷേപ- പരിഹാസ- വേട്ടയ്ക്കുള്ള മധുരപ്രതികാരം
|ബിജെപിയുടെ ചെറിയ സ്ഥാനാർഥി നിന്നാലും വിനേഷിനെ പരാജയപ്പെടുത്താനാകുമെന്നും ഏത് മണ്ഡലത്തിൽ നിന്നാലും അവർ തോൽക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു.
ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയത്തിന് ഇരട്ടിമധുരം. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബിജെപി നേതാവും മുൻ റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനും സൈബർ ആക്രമണത്തിലൂടെ വേട്ടയാടിയ സംഘ്പരിവാർ അനുകൂലികൾക്കുമേറ്റ വൻ തിരിച്ചടി കൂടിയാണ് താരത്തിന്റെ ഈ വിജയം.
ബ്രിജ് ഭൂഷണെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഏറെ വേട്ടയാടപ്പെട്ടയാളായിരുന്നു വിനേഷ് ഫോഗട്ടടക്കമുള്ള വനിതാ ഗുസ്തി താരങ്ങൾ. എന്നാൽ തെല്ലും തളരാതെ, തോൽക്കാൻ മനസില്ലാത്ത പോരാട്ടവീര്യത്തോടെ വിനേഷ് ഫോഗട്ട് ജനങ്ങൾക്കിടയിലേക്കിറങ്ങി. ഒടുവിൽ ജനങ്ങളുടെ പ്രതിനിധിയായി അവരാൽ തെരഞ്ഞെടുക്കപ്പെട്ട്, തന്നെ വേട്ടയാടിയവരോടുള്ള മധുരപ്രതികാരവും വീട്ടി ഈ 30കാരി.
ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന കേസിൽ ബ്രിജ് ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധത്തിനിറങ്ങിയതിന്റെ പേരിൽ വലിയ പരിഹാസവും അധിക്ഷേപവുമാണ് അന്നും പിന്നീട് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ശേഷവും വിനേഷ് ഫോഗട്ടിനു നേരെ ഇയാളടക്കമുള്ള ബിജെപി കേന്ദ്രങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തിയത്. ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും മെഡൽ ലഭിക്കാത്തത് ദൈവം നൽകിയ ശിക്ഷയാണെന്നുമായിരുന്നു, സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ വിനേഷിനെതിരെ ബ്രിജ്ഭൂഷന്റെ ആരോപണം.
ബിജെപിയുടെ ചെറിയ സ്ഥാനാർഥി നിന്നാലും വിനേഷിനെ പരാജയപ്പെടുത്താനാകുമെന്നും ഏത് മണ്ഡലത്തിൽ നിന്നാലും അവർ തോൽക്കുമെന്നും പാർട്ടി പറഞ്ഞാൽ പ്രചാരണത്തിനിറങ്ങുമെന്നും ബ്രിജ്ഭൂഷൺ പറഞ്ഞിരുന്നു. ഗുസ്തിയിലെ മുന്നേറ്റത്തിലൂടെ വിനേഷ് ഫോഗട്ട് നേടിയെടുത്ത പേര് രാഷ്ട്രീയ പ്രവേശനത്തിലൂടെ നഷ്ടപ്പെടുമെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, ഇന്ത്യയെന്നാൽ ബ്രിജ് ഭൂഷണല്ലെന്നും രാജ്യത്തെ ജനങ്ങൾ തനിക്കൊപ്പം ഉണ്ടെന്നും വിനേഷ് ഫോഗട്ട് മറുപടി നൽകി. മെഡൽ കിട്ടാത്തതിൻ്റെ വേദന ഇന്ത്യയിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ കുറഞ്ഞിരുന്നു. ഗുസ്തിയിൽ തനിക്കുണ്ടായ നേട്ടങ്ങളെല്ലാം ജനങ്ങൾ കാരണമാണ്. ഈ തിരഞ്ഞെടുപ്പിലും താൻ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിനേഷ് ഫോഗട്ട് പ്രതികരിച്ചിരുന്നു. ഇന്ന്, തെരഞ്ഞെടുപ്പ് വിധി വന്നതോടെ വിനേഷിന്റെ വാക്കുകൾ സത്യമാവുകയും ചെയ്തു. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ വിനേഷ് ഫോഗട്ട് 6140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയക്കൊടി പാറിച്ചത്.
ഇതോടെ, വിചിത്ര വാദവും വീണ്ടും അധിക്ഷേപവുമായി ബ്രിജ്ഭൂഷൺ രംഗത്തെത്തി. വിനേഷ് ഫോഗട്ട് വിജയിക്കാൻ തൻ്റെ പേര് ഉപയോഗിച്ചെങ്കിൽ അവരെ വിജയിക്കാൻ സഹായിച്ച മഹാൻ താനാണെന്നാണ് ഇയാളുടെ വാദം. 'അവൾ വിജയിച്ചു പക്ഷെ കോൺഗ്രസ് തോറ്റു. അവൾ എവിടെപ്പോയാലും അവിടം നശിക്കും'- എന്നും ഇയാൾ പറഞ്ഞു. ഗുസ്തിക്കാരുടെ സമരത്തിൽ പങ്കെടുത്ത, ഏറെ ചർച്ച ചെയ്യപ്പെട്ട ഗുസ്തിക്കാർ ഹരിയാനയുടെ ഹീറോകളല്ലെന്നും അവർ എല്ലാ ജൂനിയർ ഗുസ്തി താരങ്ങളെ സംബന്ധിച്ചും വില്ലന്മാരാണെന്നും ഇയാൾ ആരോപിച്ചു.
ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയെയാണ് ഫോഗട്ട് തെരഞ്ഞെടുപ്പ് ഗോദയില്‍ മലര്‍ത്തിയടിച്ചത്. പാരീസ് ഒളിമ്പിക്സില്‍ ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട് ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. പിന്നീട് ഗുസ്തിയിൽനിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. വിനേഷിനൊപ്പം കോൺഗ്രസിൽ ചേർന്ന ബജരംഗ് പൂനിയയെ കിസാൻ കോൺഗ്രസിന്റെ ദേശീയ വർക്കിങ് പ്രസിഡന്റ് ആക്കിയിരുന്നു.
ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന്, തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിയങ്കത്തിൽ വിജയം നേടിയ ശേഷം വിനേഷ് ഫോഗട്ട് പ്രതികരിച്ചു. ജനങ്ങൾ സ്നേഹം നൽകിയെന്നും താഴേത്തട്ടിൽ അവർക്കായി പ്രവർത്തിക്കുമെന്നും വിനേഷ് പറഞ്ഞു. ഗുസ്തിയും രാഷ്ട്രീയവും ഒരേസമയം കൊണ്ടുപോകാൻ കഴിയില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു. ഇനി രാഷ്ട്രീയഗോദയിൽ തന്റെ പോരാട്ടം തുടരാനാണ് വിനേഷ് ഒരുങ്ങുന്നത്.
ബ്രിജ്ഭൂഷനും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി 2023 ജനുവരി 19ന് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഗുസ്തി താരങ്ങള്‍ സമരമുഖത്തേക്ക് ഇറങ്ങുന്നത്. 12 വര്‍ഷത്തോളം ദേശീയ ഗുസ്തി ഫെഡറേഷന്‍ അടക്കി ഭരിക്കുകയും ലൈംഗികാരോപണം നേരിടുകയും ചെയ്ത ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നും ഇയാളെയും അനുയായികളെയും ഫെഡറേഷനില്‍ നിന്ന് പുറത്താക്കണമെന്നുമായിരുന്നു ഗുസ്തി താരങ്ങളുടെ ആവശ്യം.
പ്രതിഷേധത്തെ തുടർന്ന്, ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ബ്രിജ് ഭൂഷണെ മാറ്റി. 2023 ഏപ്രില്‍ 21ന് ബ്രിജ്ഭൂഷനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം ഏഴ് പേര്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. ആറ് ദിവസം പിന്നിട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ പ്രതഷേധിച്ച് ജന്തര്‍മന്തറില്‍ സമരം ആരംഭിച്ചു. തുടർന്ന് ലൈംഗികാതിക്രമ പരാതിയില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് താരങ്ങള്‍ സുപ്രിംകോടതിയെ സമീപിക്കുകയും ഏപ്രില്‍ 26ന് വിഷയത്തില്‍ കോടതി ഇടപെടുകയും ചെയ്തു.
വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതെന്നു നിരീക്ഷിച്ച സുപ്രിംകോടതി, മറുപടി നല്‍കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്, ഏപ്രില്‍ 29നാണ് ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ്ഭൂഷനെതിരെ ഡല്‍ഹി പൊലീസ് കേസെടുക്കുന്നത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്.
കേസിൽ ബ്രിജ് ഭൂഷനെതിരെ ഡൽഹി കോടതി ലൈംഗികാതിക്രമക്കുറ്റം ചുമത്തിയിരുന്നു. അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാൾക്കെതിരെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്താൻ ഉത്തരവിട്ടത്. കുറ്റം ചുമത്താൻ മതിയായ തെളിവുകൾ കണ്ടെത്തിയതായി കോടതി വ്യക്തമാക്കിയിരുന്നു. ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
ഐപിസി 354 (സ്ത്രീകളുടെ അന്തസ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രത്തിലുള്ളത്. ബ്രിജ് ഭൂഷൺ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും ബാധ്യസ്ഥനാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.