India
The Waqf Bill was referred to the Joint Parliamentary Committee, latest news malayalam വഖഫ് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു
India

വഖഫ് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

Web Desk
|
8 Aug 2024 11:25 AM GMT

പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് നടപടി

ന്യൂഡൽഹി: വഖഫ് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് നടപടി. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധനയ്ക്കാണ് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്. ബില്ലിനെ ചൊല്ലി ലോക്‌സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്‌പോര് രൂക്ഷമായിരുന്നു.

മുസ്‌ലിം അം​ഗം വഖഫ് ബോർഡിൽ എത്തുന്നത് മതസ്വാതന്ത്ര്യത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് കെ. സി. വേണുഗോപാൽ എം.പി ആരോപിച്ചു. അയോധ്യ ക്ഷേത്ര ഭരണസമിതിയിൽ മുസ്‌ലിം വ്യക്തിയുണ്ടോയെന്ന കെ.സി വേണുഗോപാലിന്റെ ചോദ്യം കേന്ദ്രത്തെ പ്രതിരോധതത്തിലാക്കി. 'ഇപ്പോൾ വഖഫ് ബോർഡിൽ ഇതര മതസ്ഥരെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു. നാളെ ക്രിസ്ത്യൻ, ജെയിൻ വിഭാഗത്തിലും ഇങ്ങനെ ചെയ്യും. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബില്ലാണിത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും ബിജെപി പാഠം പഠിച്ചില്ല'- അദ്ദേഹം കൂട്ടിച്ചേർത്തു.

ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് അഭിപ്രായപ്പെട്ട് എസ്.പി എംപി മോഹിബുള്ളയും രം​ഗത്തുവന്നു. ജനങ്ങളെ വിഭജിക്കലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബിൽ പിൻവലിക്കണമെന്നഭിപ്രായപ്പെട്ട സുപ്രിയ സുലെ ബില്ലിന്റെ കരട് പകർപ്പ് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണെന്നും കേന്ദ്രം പാർലമെന്റിനെ അപമാനിച്ചെന്നും ആരോപിച്ചു. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരാണ് ബില്ലെന്ന് കനിമൊഴി എം.പി. പറഞ്ഞു.

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചോ​ദിച്ച ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി ഭരണഘടന നൽകുന്ന ഉറപ്പുകളുടെ ലംഘനമാണ് ബില്ലെന്നും അത് രാജ്യത്തിന്റെ മതേതരത്വം തകർക്കുമെന്നും ആരോപിച്ചു. മുസ്‌ലിം സംഘടനകളുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്ന ബില്ലിന്റെ ലക്ഷ്യം വഖഫ് തകർക്കുകയാണെന്ന് കെ. രാധാകൃഷ്ണൻ എം.പി അഭിപ്രായപ്പെട്ടു.

ബോർഡിന്റെ അധികാരങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യംവയ്ക്കുന്ന ബിൽ കോടതിയിലെത്തിയാൽ തള്ളപെടാവുന്നതാണെന്നും ഇതിലൂടെ മുസ്‌ലിം സമുദായത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കിയപ്പോൾ വഖഫ്‌ ബിൽ ഏകപക്ഷീയമാണെന്നും വഖഫിന്റേത്‌ പൊതുസ്വത്തല്ലെന്നും അസദുദ്ദീൻ ഉവൈസി എം.പി ആരോപിച്ചു. രാജ്യത്തെ മുസ്‌ലിം വിഭാഗത്തിന് എതിരാണ് വഖഫ് ബില്ലെന്നും കേന്ദ്രം ഭരണഘടനയുടെ ധാർമികത നഷ്ടമാക്കുകയാണെന്നും തൃണമൂൽ ആരോപിച്ചു.

Similar Posts