പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കാമുകനെ കൊലപ്പെടുത്തിയ യുവതി ഒളിവിൽ
|പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനെ തുടർന്ന് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു
പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കാമുകനെ കൊലപ്പെടുത്തിയ യുവതി ഒളിവിൽ. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് സംഭവം. ഡോളി ആര്യ എന്ന മഹിയാണ് കാമുകനെ കൊലപ്പെടുത്താൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയത്. മറ്റ് രീതിയിൽ കൊലപ്പെടുത്തിയാൽ പൊലീസ് കേസാക്കുമെന്ന് ഭയന്നാണ് യുവതി ഈ രീതി ആസൂത്രണം ചെയ്തത്. വ്യവസായി അങ്കിത് ചൗഹാനാണ് കൊല്ലപ്പെട്ടത്. ജൂലൈ 15ന് ഹൽദ്വാനിയിലെ തീൻ പാനി പ്രദേശത്തിന് സമീപം അങ്കിതിനെ കാറിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പാമ്പാട്ടി അറസ്റ്റിലാവുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോയാണ് മഹിയുടെ പങ്ക് വ്യക്തമാകുന്നത്. മരിച്ച അങ്കിതും യുവതിയും പ്രണയത്തിലായയിരുന്നു. ഇയാളെ ഒഴിവാക്കാനാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക സംഘത്തിൽ പാമ്പാട്ടി ഉൾപ്പടെ അഞ്ചുപേർ ഉണ്ടായിരുന്നെന്നും മുഖ്യപ്രതി മഹിയാണെന്നും നൈറ്റിനാൾ സീനിയർ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറഞ്ഞു.
യുവതി അങ്കിതിനെ പണത്തിനായി വർഷങ്ങളായി ബ്ലാക്ക് മെയിൽ ചെയ്തിരുന്നു പിന്നീട് ഇയാളെ ഒഴിവാക്കാൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവാവ് തയാറായിരുന്നില്ല. തുടർന്നാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നല്കിയതെന്നും പൊലീസ് പറഞ്ഞു. യുവതിയുൾപ്പടെ മറ്റു മൂന്ന് പ്രതികളും ഒളിവിലാണ്.