ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ല; നീറ്റ് പരീക്ഷ വിവാദത്തിൽ വിശദീകരണവുമായി എൻടിഎ
|ഗ്രേസ് മാര്‍ക്ക് അനുവദിച്ചത് കൊണ്ടാണ് കൂടുതൽ പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതെന്ന് എൻടിഎ
ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ വിശദീകരണവുമായി എൻടിഎ. ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ല. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യേണ്ടതില്ല. അട്ടിമറി സാധ്യതകൾ ഒന്നുമില്ലെന്നും വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമവിരുദ്ധതയില്ലെന്നും എൻടിഎ വ്യക്തമാക്കി.
എന്‍.ടി.എയുടെ നോര്മലൈസേഷന് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചത് കൊണ്ടാണ് കൂടുതൽ പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതെന്ന് എൻടിഎ വിശദീകരിച്ചു. അതെ സമയം പരാതിയുമായി മുന്നോട്ട് പോകാനാണ് വിദ്യാർഥികളുടെ തീരുമാനം.
ഹരിയാനയിലെ ഒരു സെന്ററില്‍ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത റാങ്ക് ലഭിച്ചത് സംശയാസ്പദമാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് വിദ്യാർഥികളുടെ നീക്കം.
നീറ്റ് പരീക്ഷയിൽ 180 ചോദ്യങ്ങൾക്കാണ് വിദ്യാർത്ഥികൾ ഉത്തരമെഴുതേണ്ടത്. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയാൽ പരമാവധി 720 മാർക്കാണ് ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാൽ നാലു മാർക്ക് കുറയും.716 മാർക്ക് ലഭിക്കും.ഒരു ചോദ്യത്തിനുള്ള ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് കൂടി കിഴിച്ച് 715 മാർക്കാണ് ലഭിക്കുക. എന്നാൽ രണ്ടു വിദ്യാർത്ഥികൾക്ക് 718 ഉം 719 ഉം മാർക്ക് ലഭിച്ചതായി നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലത്തിൽ കാണുന്നുണ്ട്.