'വ്യാപക ക്രമക്കേട് നടന്നിട്ടില്ല'; നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രിംകോടതി
|പരീക്ഷയുടെ പവിത്രത നശിപ്പിച്ചതായി തെളിവില്ലെന്നും കോടതി
ഡൽഹി: ക്രമക്കേട് നന്നതിനെ തുടർന്ന് വിവാദമുയർന്ന നീറ്റ് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സുപ്രിംകോടതി ഉത്തരവ്. ചോദ്യ പേപ്പർ ചോർച്ചയുടെ പ്രോയജനം ലഭിച്ചത് 155 കുട്ടികൾക്ക് മാത്രമാണെന്നും പരീക്ഷയുടെ പവിത്രത നശിപ്പിച്ചതായി തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുന:പരീക്ഷ വേണ്ടെന്ന് പരമോന്നത കോടതി ഇടക്കാല ഉത്തരവിട്ടത്. പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് 131 പേരും പരീക്ഷ ആവശ്യമില്ലെന്ന് വാദിച്ച് 254 പേരുമാണ് സുപ്രിംകോടതിയെ സമീപിപ്പിച്ചത്.
പരീക്ഷ മൊത്തത്തിൽ റദ്ദാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സി.ബി.ഐ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് സംഭവിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷയുടെ മാർക്കിൽ പൊരുത്തക്കേടുണ്ടെന്നും രണ്ടു വിദ്യാർത്ഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് ലഭിച്ചത് സംശയാസ്പദമാണെന്നും ആരോപിച്ചാണ് വിദ്യാർഥികൾ രംഗത്തുവന്നത്. ഹരിയാനയിലെ ഒരു സെന്ററിൽ പരീക്ഷയെഴുതിയ എട്ടു വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത റാങ്കുകൾ ലഭിച്ചത് സംശയാസ്പദമാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. അതേസമയം സംഭവത്തിൽ കാര്യമായ പിഴവ് സംഭവച്ചിട്ടില്ലെന്ന് സ്വയം ന്യായീകരിച്ച എൻ.ടി.എ നടപടികളെടുക്കാൻ തയാറായിരുന്നില്ല.
അപ്പോഴേക്കും വിഷയത്തിൽ നടപടിയാവശ്യപ്പെട്ട് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും രാജ്യവ്യാപകമായി പ്രതിഷേധമാരംഭിച്ചു. മൂന്നാം മോദി സർക്കാറിന്റെ തുടക്കത്തിൽ തന്നെ ഭരണകക്ഷിക്ക് തലവേദനയായ നീറ്റ് ക്രമക്കേട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യമുയർന്നു. ഇതിനിടയിലാണ് സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് സുപ്രിംകോടതി എൻ.ടി.എക്ക് നോട്ടീസ് അയച്ചു. അതിനു ശേഷം മാത്രമാണ് വിഷയത്തെ ഗൗരവമായി കാണാൻ എൻ.ടി.എ തയാറായത്.
നീറ്റ് യു.ജി പരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച മാർക്ക് റോൾ നമ്പർ മറച്ച് വിശദമായി പ്രസിദ്ധീകരിക്കണമെന്ന സുപ്രിംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എൻ.ടി.എ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.