രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി
|കർണാടകയിലെ ഹിജാബ് വിവാദത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഭരണഘടനാപരമായ അവകാശങ്ങളും കടമകളും പ്രധാനമാണെന്ന് ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. കർണാടകയിലെ ഹിജാബ് വിവാദത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
'ഹിജാബുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാലും നിലവിൽ രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് യാതൊരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ ചില സ്ഥാപനങ്ങളില്‍ അവരുടേതായ വസ്ത്രധാരണ രീതികളും യുണിഫോമും ഉണ്ടാകും. ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളെക്കുറിച്ച് ചർച്ച നടത്തുന്നതോടൊപ്പം മൗലിക കടമകളെക്കുറിച്ചും ചർച്ചകൾ അനിവാര്യമാണ്' മുക്താർ അബ്ബാസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബറിൽ കർണാടക ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്സിറ്റി ഗേൾസ് കോളജിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ ആറ് വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് വിവാദം ഉയർന്നുവന്നത്. തുടർന്ന് വിദ്യാര്‍ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.