രക്ഷയില്ല, കുമാരസ്വാമിയുടെ മകന് നിഖിലിന് തോൽവി തന്നെ, ജെ.ഡി.എസിന് ഞെട്ടൽ
|സിനിമാ നടൻ കൂടിയായ നിഖിലിന്റെ തെരഞ്ഞെടുപ്പിലെ രണ്ടാം തോൽവിയാണിത്
ബംഗളൂരു: കോട്ടയായ രാമനഗരം കൈവിട്ട് ജെ.ഡി.എസ്. പാർട്ടി തലവൻ എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിച്ച മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എച്ച്.എ ഇഖ്ബാലാണ് വിജയിച്ചത്. എച്ച്.എ ഇഖ്ബാൽ ഹുസൈൻ 76,634 വോട്ടുകൾ നേടിയപ്പോൾ നിഖിൽ കുമാരസ്വാമിക്ക് 65,788 വോട്ടുകളെ നേടാനായുള്ളൂ.
ഏകേദശം 10,846 വോട്ടിന്റെ ഭൂരിപക്ഷം കോൺഗ്രസിനായി. നിഖിലിന്റെ തോൽവി തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇനി വലിയ മാറ്റം വരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. സിനിമാ നടൻ കൂടിയായ നിഖിലിന്റെ തെരഞ്ഞെടുപ്പിലെ രണ്ടാം തോൽവിയാണിത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിഖിൽ തോറ്റിരുന്നു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍നിന്നായിരുന്നു നിഖില്‍ കുമാരസ്വാമി ജനവിധി തേടിയിരുന്നത്. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച നടി സുമലതയോട് ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് നിഖില്‍ പരാജയപ്പെട്ടത്.
അച്ഛന് കുമാരസ്വാമിയും അമ്മ അനിത കുമാരസ്വാമിയും വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയ രാമനഗരയില്‍ ഇത്തവണ നിഖില്‍ കുമാരസ്വാമിക്കായിരുന്നു നിയോഗം. കുമാരസ്വാമിയുടെ പഞ്ചരത്ന യാത്രയും നിഖിലിന്റെ നാടിളക്കിയുള്ള പ്രചരണവും ഫലം തങ്ങള്‍ക്കനുകൂലമാക്കുമെന്നാണ് ജെ.ഡി.എസ് കരുതിയത്. പക്ഷേ, ഫലം പുറത്തുവന്നതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. അതേസമയം കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസിന്റെ ഉജ്വല തിരിച്ചുവരവാണ് പ്രകടമായത്. 224 സീറ്റുകളില്‍ 128 ഇടത്ത് കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുമ്പോള്‍ ബിജെപി 66 സീറ്റുകളിലേക്കൊതുങ്ങി.
ജെ.ഡി.എസ് തട്ടകമായ ഓള്‍ഡ് മൈസൂരുവിലും കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയപ്പോള്‍ തീരദേശ കര്‍ണ്ണാടകയില്‍ മാത്രമാണ് ബി.ജെ.പിക്ക് പിടിച്ചുനില്‍ക്കാനായത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ കടന്നുപോയ വഴികളിലൊക്കെ ത്രിവര്‍ണപ്പതാക ഉയരെ പറന്നപ്പോള്‍ കന്നഡയുടെ മണ്ണില്‍ കോണ്‍ഗ്രസിന് ഐതിഹാസിക തിരിച്ചുവരവിനാണ് സാക്ഷ്യംവഹിച്ചത്.