കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല; തീരുമാനം ഐകകണ്ഠ്യേന
|പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി റായ്പൂരിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം
റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ല .നാമനിർദേശം ചെയ്യുന്ന രീതി തുടരാൻ സ്റ്റിയറിങ് കമ്മിറ്റിയിൽ ധാരണയായി. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി റായ്പൂരിൽ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്റ്റിയറിങ് കമ്മിറ്റിയിൽ ഗാന്ധി കുടുംബം പങ്കെടുത്തില്ല.
സ്റ്റിയറിങ് കമ്മിറ്റിയിലെ തീരുമാനം ഐകകണ്ഠ്യേനയെടുത്തതാണെന്ന് ജയറാം രമേശ് വ്യക്തമാക്കി. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ 45ലധികം പേരാണ് പങ്കെടുത്തത്. പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കാൻ അധ്യക്ഷനെ ചുമതലപ്പെടുത്തി. സമിതിയിൽ ദലിത്, വനിത, യുവജന പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ജയറാം രമേശ് പറഞ്ഞു.
25 വർഷത്തിനിടെ ആദ്യമായാണ് ഗാന്ധി കുടുംബത്തിന്റെ അസാന്നിധ്യത്തിൽ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി നടക്കുന്നത്. പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഗാന്ധി കുടുംബമാണെന്ന പ്രതീതി ഒഴിവാക്കാനാണ് തീരുമാനം.
കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ തുടങ്ങിയവരുടെ പേരുകൾ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെയും മുല്ലപ്പള്ളിയേയും പ്രവർത്തക സമിതിയിലേക്ക് എത്തിച്ചേക്കും എന്നാണ് സൂചന.
എ.കെ ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവർ പ്രവർത്തക സമിതിയിൽ നിന്ന് ഒഴിയുമ്പോൾ സാമുദായിക സമവാക്യം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്ലീനറിയിലെ പ്രധാന ചർച്ച. തെരഞ്ഞെടുപ്പിനെ നേരിടാൻ മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യം അനിവാര്യമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം. വർഗീയതക്കെതിരായ ഇടത് പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല എന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു.