മസ്ജിദിനുള്ളിൽ എത്ര നിലവറകൾ ?
|തെക്കേ നിലവറ തുറക്കുന്നത് വർഷത്തിലൊരിക്കൽ
ന്യൂഡൽഹി:ഗ്യാൻവാപി മസ്ജിദിൽ രണ്ട് നിലവറകളാണുള്ളത്. ഒന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തുറക്കുന്നതും മറ്റൊന്ന് വടക്കുഭാഗത്തേക്ക് തുറക്കുന്നതും.തെക്കേ നിലവറ വളരെക്കാലമായി പ്രാദേശിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. വർഷത്തിൽ നടക്കുന്ന നവൻ പഥ് ഹിന്ദു ആഘോഷങ്ങൾക്കായുള്ള സാധനസാമഗ്രികൾ ഇവിടെയാണ് സൂക്ഷിക്കുന്നത്. അകത്ത് സൂക്ഷിക്കുന്ന മുളകളും മരങ്ങളും മറ്റും പുറത്തെടുക്കാനും ആഘോഷം കഴിഞ്ഞ് തിരിച്ചുവെക്കാനുമായി വർഷത്തിലൊരിക്കൽ മാത്രമാണ് തുറക്കുന്നത്.
വടക്കുഭാഗത്തേതിൽ രണ്ട് കടമുറികളാണുള്ളത്. ഒന്ന് മുസ്ലിം കച്ചവടക്കാരനു കീഴിൽ വളകൾ വിൽക്കുന്ന കടയും രണ്ടാമത്തേത് ഹിന്ദു വ്യാപാരി നടത്തുന്ന ചായക്കടയും. ഇരുവരും പള്ളിക്കമ്മിറ്റിക്ക് വാടക നൽകിയവരായിരുന്നു.
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് കർസേവകർ തകർത്തതിനെ തുടർന്ന് രണ്ട് കടമുറികളും ഒഴിപ്പിച്ച് മസ്ജിദ് കമ്മിറ്റി നേരിട്ട് നിയന്ത്രണത്തിലാക്കാൻ അന്നത്തെ വരാണസി ഡി.ഐ.ജി ചമൻലാൽ ആവശ്യപ്പെട്ടു.അയോധ്യയിലേതിന് സമാനമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ സ്ഥലം ഉപയോഗപ്പെടുത്തിയേക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയായിരുന്നു മുന്നറിയിപ്പ്. ഡി.ഐ.ജിയുടെ നിർദേശം വന്നതിന് പിന്നാലെ പള്ളിക്കമ്മിറ്റി ഇരു കടമുറികളും ഒഴിപ്പിച്ചു.
തുടർന്ന് ഇരുവർക്കും നഷ്ടപരിഹാരവും നൽകിയതിനൊപ്പം മറ്റു കടമുറികളിലേക്ക് മാറ്റുകയും ചെയ്തു. അന്നുമുതൽ ഈ നിലവറകളുടെ താക്കോൽ കമ്മിറ്റിയുടെ കൈകളിലുണ്ടെന്ന് അൻജുമൻ മസാജിദ് ഇൻതിസാമിയ കമ്മിറ്റി ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറയുന്നു. മസ്ജിദ് പരിസരം ഇരുമ്പുവേലികൾ കെട്ടി ഭദ്രമാക്കിയത് ബാബരി മസ്ജിദ് തകർച്ചക്കുശേഷം 1993ൽ സുപ്രീംകോടതി നിർദേശത്തെ തുടർന്നായിരുന്നു.
അതെ സമയം ഗ്യാൻവാപി മസ്ജിദിൽ ബ്രിട്ടീഷ് ഭരണകാലം മുതൽ തെക്കേ നിലവറയിൽ പൂജനടന്നുവെന്നും മുലായം സിങ് സർക്കാറാണ് അത് നിർത്തിയതെന്നുമുള്ള മാധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്ന് അൻജുമൻ മസാജിദ് ഇൻതിസാമിയ കമ്മിറ്റി ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ.
തെളിവുകൾ മറച്ചുവെച്ചാണ് അത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 1942ലെ അലഹബാദ് ഹൈകോടതി വിധി ഗ്യാൻവാപി മസ്ജിദാണെന്ന് സ്ഥിരീകരിച്ചതാണ്. എന്നിട്ടും ഇന്നത്തെ കോടതികൾ അത് അംഗീകരിക്കുന്നില്ല.
പള്ളിയും അസ്തിവാരവും വഖഫ് ഭൂമിയാണെന്നും അന്ന് കോടതി വ്യക്തമാക്കി.പടിഞ്ഞാറേ മതിലിനോടു ചേർന്നുള്ള രണ്ട് ഖബറുകളിൽ എല്ലാവർഷവും ഉറൂസ് നടന്നിരുന്നു. എന്നാൽ ബ്രിട്ടീഷ് കാലത്ത് സംഘാടകർ അവരുടെതായ കാരണങ്ങളാൽ അത് പിന്നീട് നിർത്തിവെച്ചു. ഇത് വീണ്ടും ആരംഭിക്കാൻ രണ്ടു വർഷം മുമ്പ് സംഘാടകർ കോടതിയെ സമീപിച്ചിരുന്നു.
തെക്കേ നിലവറയിൽ പൂജക്ക് അനുമതി നൽകിയ കോടതി പക്ഷേ, ഉറൂസിന് അനുമതി നൽകിയില്ലെന്നും യാസീൻ പറയുന്നു.മസ്ജിദിൽ നമസ്കാരം മുടക്കാൻ ഹിന്ദു വിഭാഗം നൽകിയ പരാതി പരിഗണിച്ച് വാരാണസി കോടതി നമസ്കരിക്കാൻ എത്തുന്നവരുടെ എണ്ണം 20 ആയി നേരത്തേ ചുരുക്കിയിരുന്നത് 2022 മേയ് 17ലെ ഉത്തരവിൽ സുപ്രീംകോടതി നീക്കിയെന്നും നിയന്ത്രണമില്ലാതെ നമസ്കാരം നടക്കുന്നതായും യാസീൻ പറഞ്ഞു.
മസ്ജിദിന്റെ അടിഭാഗത്തെ നിലവറയിൽ പൂജ ആരംഭിച്ചെങ്കിലും വ്യാഴാഴ്ചയും പതിവ് പോലെ നമസ്കാരം നടന്നു. നമസ്കാരം തടയാൻ അധികൃതരുടെയോ, പുറത്തുനിന്നുള്ളവരുടെയോ ഭാഗത്ത് നിന്ന് നീക്കമൊന്നുമുണ്ടായില്ലെന്ന് അൻജുമൻ മസാജിദ് ഇൻതിസാമിയ കമ്മിറ്റി ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു.
പൂജക്ക് ബുധനാഴ്ച അനുമതി നൽകിയതിനു പിന്നാലെ വ്യാഴാഴ്ച തെക്കുഭാഗത്തെ നിലവറയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ ആരംഭിച്ചിരുന്നു.മസ്ജിദിനകത്താണ് വിഗ്രഹം സ്ഥാപിച്ചതെന്നും ഇവിടെ മുസ്ലിംകൾക്ക് ആരാധന മുടങ്ങിയെന്നുമുള്ള സമൂഹമാധ്യമ പ്രചാരണം തെറ്റാണെന്നും അത് അവസാനിപ്പിക്കണമെന്നും സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു.
ബുധനാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം തന്നെ പ്രദേശവാസികൾ മസ്ജിദ് കോംപ്ലക്സിനകത്തെ നിലവറയിൽ പൂജ തുടങ്ങിയിരുന്നു.അതിനിടെ പൂജക്ക് അനുമതി നൽകിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. നിയമപോരാട്ടം തുടരുമെന്നും നീതി വേണമെന്നും മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ പറഞ്ഞു.