India
മസ്ജിദിനുള്ളിൽ എത്ര നിലവറകൾ ​?
India

മസ്ജിദിനുള്ളിൽ എത്ര നിലവറകൾ ​?

Web Desk
|
2 Feb 2024 6:20 AM GMT

തെ​ക്കേ നി​ല​വ​റ തുറക്കുന്നത് വ​ർ​ഷ​ത്തി​​ലൊ​രി​ക്ക​ൽ

ന്യൂഡൽഹി:ഗ്യാൻവാപി മസ്ജിദിൽ രണ്ട് നിലവറകളാണുള്ളത്. ​ഒന്ന് കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ന്റെ ഭാ​ഗ​ത്തേ​ക്ക് തു​റ​ക്കു​ന്നതും മറ്റൊന്ന് വ​ട​ക്കു​ഭാ​ഗ​ത്തേക്ക് തുറക്കുന്നതും.തെ​ക്കേ നി​ല​വ​റ വളരെക്കാലമായി പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വ​ർ​ഷ​ത്തി​ൽ ന​ട​ക്കു​ന്ന ന​വ​ൻ പ​ഥ് ഹി​ന്ദു ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ഇ​വി​ടെ​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. അ​ക​ത്ത് സൂക്ഷിക്കുന്ന മു​ള​ക​ളും മ​ര​ങ്ങ​ളും മ​റ്റും പു​റ​ത്തെ​ടു​ക്കാ​നും ആ​ഘോ​ഷം ക​ഴി​ഞ്ഞ് തി​രി​ച്ചു​വെ​ക്കാ​നു​മാ​യി വ​ർ​ഷ​ത്തി​​ലൊ​രി​ക്ക​ൽ മാ​ത്ര​മാ​ണ് തു​റ​ക്കു​ന്ന​ത്.

വ​ട​ക്കു​ഭാ​ഗ​​ത്തേ​തി​ൽ ര​ണ്ട് ക​ട​മു​റി​ക​ളാ​ണു​ള്ള​ത്. ഒ​ന്ന് മു​സ്‍ലിം ക​ച്ച​വ​ട​ക്കാ​ര​നു കീ​ഴി​ൽ വ​ള​ക​ൾ വി​ൽ​ക്കു​ന്ന ക​ട​യും ര​ണ്ടാ​മ​ത്തേ​ത് ഹി​ന്ദു വ്യാ​പാ​രി ന​ട​ത്തു​ന്ന ചാ​യ​ക്ക​ട​യും. ഇ​രു​വ​രും പ​ള്ളി​ക്ക​മ്മി​റ്റി​ക്ക് വാ​ട​ക ന​ൽ​കി​യ​വ​രാ​യി​രു​ന്നു.

1992 ഡി​സം​ബ​ർ ആ​റി​ന് ബാ​ബ​രി മ​സ്ജി​ദ് കർസേവകർ തകർത്തതിനെ തുടർന്ന് ര​ണ്ട് ക​ട​മു​റി​ക​ളും ഒ​ഴി​പ്പി​ച്ച് മ​സ്ജി​ദ് ക​മ്മി​റ്റി നേ​രി​ട്ട് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ അ​ന്ന​ത്തെ വ​രാ​ണ​സി ഡി.​ഐ.​ജി ച​മ​ൻ​ലാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.അ​യോ​ധ്യ​യി​ലേ​തി​ന് സ​മാ​ന​മാ​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഈ ​സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തിയേക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയായിരുന്നു മു​ന്ന​റി​യി​പ്പ്. ഡി.​ഐ.​ജി​യു​​ടെ നിർദേശം വന്നതിന് പിന്നാലെ പ​ള്ളി​ക്ക​മ്മി​റ്റി ഇരു ക​ട​മു​റി​കളും ഒ​ഴി​പ്പി​ച്ചു.

തുടർന്ന് ഇ​രു​വ​ർ​ക്കും നഷ്ടപരിഹാരവും ന​ൽ​കിയതിനൊപ്പം മ​റ്റു കടമു​റി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. അ​ന്നു​മു​ത​ൽ ഈ ​നി​ല​വ​റ​ക​ളു​ടെ താ​ക്കോ​ൽ ക​മ്മി​റ്റി​യു​ടെ കൈ​ക​ളി​ലു​ണ്ടെ​ന്ന് അ​ൻ​ജു​മ​ൻ മ​സാ​ജി​ദ് ഇ​ൻ​തി​സാ​മി​യ ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ​മ്മ​ദ് യാ​സീ​ൻ പ​റ​യു​ന്നു. മ​സ്ജി​ദ് പ​രി​സ​രം ഇ​രു​മ്പു​വേ​ലി​ക​ൾ കെ​ട്ടി ഭ​ദ്ര​മാ​ക്കി​യ​ത് ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ച്ച​ക്കു​ശേ​ഷം 1993ൽ ​സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു.

അതെ സമയം ഗ്യാൻവാപി മസ്ജിദിൽ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ലം മു​ത​ൽ തെ​ക്കേ നി​ല​വ​റ​യി​ൽ പൂ​ജനടന്നുവെന്നും മു​ലാ​യം സി​ങ് സ​ർ​ക്കാ​റാ​ണ് അ​ത് നി​ർ​ത്തി​യ​തെ​ന്നുമുള്ള മാധ്യമ റിപ്പോർട്ടുകൾ വ്യാജമാണെന്ന് അ​ൻ​ജു​മ​ൻ മ​സാ​ജി​ദ് ഇ​ൻ​തി​സാ​മി​യ ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ​മ്മ​ദ് യാ​സീ​ൻ.

തെ​ളി​വു​ക​ൾ​ മറച്ചുവെച്ചാണ് അത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 1942ലെ ​അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി വി​ധി ഗ്യാ​ൻ​വാ​പി മ​സ്ജി​ദാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താണ്. എ​ന്നി​ട്ടും ഇ​ന്ന​ത്തെ കോ​ട​തി​ക​ൾ അ​ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ല.

പ​ള്ളി​യും അ​സ്തി​വാ​ര​വും വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്നും അ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​.പ​ടി​​ഞ്ഞാ​റേ മ​തി​ലി​നോ​ടു ചേ​ർ​ന്നു​ള്ള ര​ണ്ട് ഖ​ബ​റു​ക​ളി​ൽ എല്ലാവർഷവും ഉ​റൂ​സ് ന​ട​ന്നി​രു​ന്ന​ു. എന്നാൽ ബ്രി​ട്ടീ​ഷ് കാ​ല​ത്ത് സം​ഘാ​ട​ക​ർ അ​വ​രു​ടെ​താ​യ കാ​ര​ണ​ങ്ങ​ളാ​ൽ അത് പിന്നീട് നി​ർ​ത്തി​വെ​ച്ച​​ു. ഇ​ത് വീ​ണ്ടും ആ​രം​ഭി​ക്കാ​ൻ ര​ണ്ടു വ​ർ​ഷം മു​മ്പ് സം​ഘാ​ട​ക​ർ കോ​ട​തി​യെ സമീപിച്ചിരുന്നു.

തെ​ക്കേ നി​ല​വ​റ​യി​ൽ പൂ​ജക്ക് അനുമതി നൽകിയ കോ​ട​തി പ​ക്ഷേ, ഉറൂസിന് അനുമതി നൽകിയില്ലെ​ന്നും യാ​സീ​ൻ പ​റ​യു​ന്നു.മ​സ്ജി​ദി​ൽ ന​മ​സ്കാ​രം മു​ട​ക്കാ​ൻ ഹി​ന്ദു വി​ഭാ​ഗം ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ച് വാ​രാ​ണ​സി കോ​ട​തി ന​മ​സ്ക​രി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം 20 ആ​യി നേ​ര​ത്തേ ചു​രു​ക്കി​യി​രു​ന്ന​ത് 2022 മേ​യ് 17ലെ ​ഉ​ത്ത​ര​വി​ൽ സു​പ്രീം​കോ​ട​തി നീ​ക്കി​യെ​ന്നും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ന​മ​സ്കാ​രം ന​ട​ക്കു​ന്ന​താ​യും യാ​സീ​ൻ പ​റ​ഞ്ഞു.

മ​സ്ജി​ദി​ന്റെ അടിഭാഗത്തെ നിലവറയിൽ പൂജ ആരംഭിച്ചെങ്കിലും വ്യാഴാഴ്ചയും പതിവ് പോലെ നമസ്കാരം നടന്നു. നമസ്കാരം തടയാൻ അധികൃതരു​ടെയോ, പുറത്തുനിന്നുള്ളവരു​ടെയോ ഭാഗത്ത് നിന്ന് നീക്കമൊന്നുമുണ്ടായില്ലെന്ന് അ​ൻ​ജു​മ​ൻ മ​സാ​ജി​ദ് ഇ​ൻ​തി​സാ​മി​യ ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ​മ്മ​ദ് യാ​സീ​ൻ പ​റ​ഞ്ഞു.

പൂ​ജ​ക്ക് ബു​ധ​നാ​ഴ്ച അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച തെ​ക്കു​ഭാ​ഗ​ത്തെ നി​ല​വ​റ​യി​ൽ ​വി​ഗ്ര​ഹം പ്ര​തി​ഷ്ഠി​ച്ച് പൂ​ജ ആ​രം​ഭി​ച്ചി​രു​ന്നു.മ​സ്ജി​ദി​ന​ക​ത്താ​ണ് വി​ഗ്ര​ഹം സ്ഥാ​പി​ച്ച​തെ​ന്നും ഇ​വി​ടെ മു​സ്‍ലിം​ക​ൾ​ക്ക് ആ​രാ​ധ​ന മു​ട​ങ്ങി​യെ​ന്നു​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണം തെറ്റാണെന്നും അത് അവസാനിപ്പിക്കണമെന്നും സ​യ്യി​ദ് മു​ഹ​മ്മ​ദ് യാ​സീ​ൻ പറഞ്ഞു.

ബുധനാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം തന്നെ പ്രദേശവാസികൾ മസ്ജിദ് കോംപ്ലക്‌സിനകത്തെ നിലവറയിൽ പൂജ തുടങ്ങിയിരുന്നു.അതിനിടെ പൂജക്ക് അനുമതി നൽകിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. നിയമപോരാട്ടം തുടരുമെന്നും നീതി വേണമെന്നും മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ പറഞ്ഞു.

Related Tags :
Similar Posts