ഓക്‌സിജന്‍ ക്ഷാമമുണ്ടായപ്പോഴും കേന്ദ്രം ഇങ്ങനെയാണ് പറഞ്ഞത്: ഡല്‍ഹി ഉപമുഖ്യമന്ത്രി
|കല്‍ക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്
ഊര്‍ജ പ്രതിസന്ധിക്കു മുന്നില്‍ കേന്ദ്രം കണ്ണടയ്ക്കുകയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.രാജ്യത്തെ നിലവിലെ കല്‍ക്കരി പ്രതിസന്ധിയുടെയും കോവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ നിന്ന ഏപ്രില്‍- മേയ് മാസങ്ങളില്‍ രാജ്യം നേരിട്ട ഓക്‌സിജന്‍ ക്ഷാമത്തിന്റെയും സമാനത സൂചിപ്പിച്ചുകൊണ്ടായിരുന്നു സിസോദിയയുടെ പരാമര്‍ശം. 'ഞങ്ങള്‍ ഓക്‌സിജന്‍ പ്രതിസന്ധി നേരിട്ടപ്പോഴും അവര്‍ യാതൊരു പ്രതിസന്ധിയും ഇല്ലെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ കല്‍ക്കരിയുടെ അവസ്ഥയും സമാനമാണ്. ഞങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്.'- സിസോദിയ പറഞ്ഞു.
രാജ്യത്ത് നിലവില്‍ വൈദ്യുതി പ്രതിസന്ധി ഇല്ലെന്നും കല്‍ക്കരി ക്ഷാമമുണ്ടെന്ന തരത്തില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നുമാണ് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.പി.സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കല്‍ക്കരി ക്ഷാമം മൂലം 'ബ്ലാക് ഔട്ടി'ലേക്ക് പോകുമെന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും സിസോദിയ പറഞ്ഞു.
കല്‍ക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്. ഗുജറാത്ത്, പഞ്ചാബ്, രജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപനിലങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട്.
പ്രതിസന്ധി രൂക്ഷമായാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി ഇരുട്ടിലാകുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. കല്‍ക്കരിലഭ്യത ഉറപ്പാക്കിയില്ലെങ്കില്‍ 2 ദിവസത്തിനകം ഡല്‍ഹിയില്‍ പലയിടത്തും വൈദ്യുതി മുടങ്ങുമെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് കേജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.