India
sudan_war
India

"വീട് മാത്രമല്ല ഹൃദയവും സുഡാനികൾക്കായി തുറന്നിട്ടിട്ടുണ്ട്": സുഡാനിൽ നിന്നെത്തിയ ഇന്ത്യക്കാർ പറയുന്നു

Web Desk
|
28 April 2023 4:01 AM GMT

വളരെ കുറച്ച് ജീവനക്കാരേ ഉണ്ടായിരുന്നുള്ളുവെങ്കിലും കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസി പരിധിയില്ലാതെയാണ് പരിശ്രമിച്ചതെന്ന് മുംബൈയിൽ വിമാനമിറങ്ങിയ യാത്രക്കാർ പറഞ്ഞു

മുംബൈ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയുടെ ഇന്ത്യക്കാർ നാടണഞ്ഞുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ജോലി ചെയ്യുന്നവർ, അവധിക്കാലം ചെലവിടാൻ പോയവർ എല്ലാം അടങ്ങുന്ന സംഘം സുഡാനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഡൽഹിയിൽ എത്തിയിരുന്നു. ഏഴ് ദിവസമായി തങ്ങൾ കടന്നുപോയ മാനസിക സംഘർഷങ്ങളുടെയും ഭീതിയുടെയും അനുഭവങ്ങളാണ് എല്ലാവർക്കും പറയാനുളളത്. മുംബൈയിൽ വിമാനമിറങ്ങിയവരും സ്വന്തം രാജ്യത്തെത്തിയതിന്റെ സന്തോഷത്തിലാണ്.

രക്ഷാപ്രവർത്തനം നടത്തിയതിന് ഇന്ത്യൻ എംബസിക്ക് നന്ദി പറയാനും അവർ മറന്നില്ല. വളരെ കുറച്ച് ജീവനക്കാരേ ഉണ്ടായിരുന്നുള്ളുവെങ്കിലും കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസി പരിധിയില്ലാതെയാണ് പരിശ്രമിച്ചതെന്ന് മുംബൈയിൽ വിമാനമിറങ്ങിയ യാത്രക്കാർ പറഞ്ഞു. ഖാർത്തൂമിലെ സ്ഥിതി വഷളായതിന് ശേഷം ഇന്ത്യൻ അംബാസഡർ ബി എസ് മുബാറക്കും എട്ട് ഉദ്യോഗസ്ഥരുടെ സംഘവും ഇടവേളകളില്ലാതെയാണ് ജോലി ചെയ്തതെന്ന് 39കാരനായ വ്യവസായി അബ്ദുൾ ഖാദിർ പറയുന്നു.

ഈ ദിവസങ്ങളിൽ 24 മണിക്കൂറും ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നുണ്ടായിരുന്നു. നഗരത്തിൽ യുദ്ധം ഏറ്റവും രൂക്ഷമായ പ്രദേശത്ത് കുടുങ്ങിക്കിടന്നിട്ടും ഇന്ത്യൻ എംബസിയിലെ ജീവനക്കാരുമായും സന്നദ്ധപ്രവർത്തകരുമായും നിരന്തരം ബന്ധപ്പെടാൻ തനിക്ക് സാധിച്ചുവെന്ന് ഖാദിർ പറഞ്ഞു. അംബാസഡർ ഓരോ പ്രദേശത്തും ഇന്ത്യക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിരുന്നു. ഓരോ വ്യക്തിക്കും സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കുകയും ചെയ്തുവെന്ന് ഖാദിർ പറഞ്ഞു.

2017 മുതൽ താൻ സുഡാനിലാണ് താമസിക്കുന്നത്. ഇവിടുത്തെ സംഘർഷഭരിതമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചത്. റമദാനിൽ സംഘർഷം കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വെറും ഒരു മണിക്കൂർ കൊണ്ടാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. ഭക്ഷണവും ആവശ്യസാധനങ്ങളും വാങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ഖാദിർ വിശദീകരിച്ചു.

"എന്നാൽ, ഇന്ത്യക്കാരെന്ന പരിഗണന എവിടെയും ലഭിച്ചിരുന്നു. നിരവധി ചെക്ക്‌പോസ്റ്റുകളിലൂടെ സമാധാനപരമായി കടന്നുപോകാൻ ഞങ്ങൾക്ക് അനുവാദമുണ്ടായിരുന്നു. പോർട്ട് സുഡാനിലെ ഇന്ത്യൻ സമൂഹം അവരുടെ വീടുകൾ മാത്രമല്ല രക്ഷപെട്ട സുഡാൻ സ്വദേശികൾക്കായി അവരുടെ ഹൃദയവും തുറന്നിട്ടിട്ടുണ്ട്"; ഖാദിർ പറഞ്ഞു.

എംബസി ജീവനക്കാർ ചെയ്ത ജോലി വാക്കുകളിൽ വിവരിക്കാനാവില്ലെന്നായിരുന്നു മറ്റൊരു യാത്രക്കാരന്റെ പ്രതികരണം. എംബസിയിൽ കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ എല്ലാ സഹോദരങ്ങളും സുരക്ഷിതമായി വീട്ടിലെത്തണമെന്നാണ് പ്രാർത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സുഡാനിൽ നിന്ന് നാടണയാനായി രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. ഓപ്പറേഷൻ കാവേരിക്ക് സമയക്രമം നിശ്ചയിച്ചിട്ടില്ല. പരമാവധി വേഗത്തിൽ നാട്ടിലെത്തിക്കാനാണ് ശ്രമം. സൗദിയുടെ സമ്പൂർണ സഹായം ഇന്ത്യക്ക് പൗരന്മാരെ തിരിച്ചെത്തിക്കാൻ സഹായകരമായിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ പേരെ ഒഴിപ്പിക്കുമെന്നും മന്ത്രി ജിദ്ദയിൽ മീഡിയവണിനോട് പറഞ്ഞു.

സുഡാനിൽ നിന്ന് 3400 പേരെയും തിരിച്ചെത്തിക്കുമെന്നും രക്ഷാ പ്രവർത്തനത്തിന് വേഗമേറിയതായും മന്ത്രി വ്യക്തമാക്കി. ഇതുവരെ ആയിരത്തിലേറെ പേരെ രക്ഷപ്പെടുത്തിയെന്നും ജിദ്ദയിൽ നിന്ന് തിരിച്ചെത്തിക്കാനും വ്യോമസേന വിമാനം ഏർപ്പെടുത്തിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

Similar Posts