India
അവർ മുസ്‌ലിംകളെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ്; ബുൾഡോസർ വിവാദത്തിൽ ഉവൈസി
India

'അവർ മുസ്‌ലിംകളെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണ്'; ബുൾഡോസർ വിവാദത്തിൽ ഉവൈസി

Web Desk
|
30 April 2022 9:46 AM GMT

അടിച്ചമർത്തുന്നവരെയും ക്രൂരൻമാരെയും ഭയമില്ല. അവസാനംവരെ ക്ഷമയോടെ പോരാടുമെന്ന് ഉവൈസി.

ഹൈദരാബാദ്: മുസ്‌ലിംകൾ രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. രാജ്യത്ത് നടക്കുന്ന അനീതികളെക്കുറിച്ച് തനിക്ക് എല്ലാ ദിവസവും കോളുകൾ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ വികാരനിർഭരമായിട്ടായിരുന്നു ഉവൈസിയുടെ പരാമർശം.

''നമ്മുടെ രാജ്യത്ത് നിരവധി സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും നടക്കുന്ന അനീതികളെക്കുറിച്ച് നിരവധി കോളുകളാണ് എനിക്ക് വരുന്നത്. നമ്മുടെ വീടുകളും കടകളും തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കുറച്ചാളുകൾ ഞങ്ങൾ ഭയപ്പെടുന്നുവെന്ന് പറയുന്നു, കുറച്ചാളുകൾ ഞങ്ങൾ ആശങ്കാകുലരാണെന്ന് പറയുന്നു. ഇവിടെ നിങ്ങളുടെ മുന്നിൽനിന്നുകൊണ്ട് ഞാൻ പറയുന്നു പരിഭ്രാന്തരാവരുത്, ധൈര്യമായിരിക്കുക''-ഉവൈസി പറഞ്ഞു.

''വിവിധ സർക്കാറുകൾ മുസ് ലിംകളെ അധികാരമുപയോഗിച്ച് അടിച്ചമർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിലെ ഖർഗോണിൽ മുസ് ലിം വീടുകൾ തകർക്കപ്പെട്ടു. രണ്ടുകയ്യുമില്ലാത്ത വസീം ഷൈയ്ഖിന്റെ കട അദ്ദേഹം കല്ലെറിഞ്ഞു എന്നാരോപിച്ചാണ് പൊളിച്ചുകളഞ്ഞത്. ഹരിയാനയിൽ ഗോരക്ഷകർ എന്നവകാശപ്പെടുന്ന ഒരു വിഭാഗം ആളുകൾ പ്രായമായ ഒരു മനുഷ്യനെ താടിക്ക് പിടിച്ച് ക്രൂരമായി മർദിക്കുന്നത് നമ്മൾ കണ്ടു. ഹരിയാനയിൽ തന്നെ മറ്റൊരാളെ പശുവിനെ അറുത്തു എന്നാരോപിച്ച് വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചു''-ഉവൈസി പറഞ്ഞു.

അടിച്ചമർത്തലിനെതിരായ പോരാട്ടത്തിൽനിന്ന് ഒരിക്കലും പിൻമാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അടിച്ചമർത്തുന്നവരും ക്രൂരമാരും മനസ്സിലാക്കേണ്ടത് ഞങ്ങൾ ഖുബൈബ് ബിനു അദിയ്യിന്റെ പിൻമുറക്കാരാണ് എന്നതാണ്, അടിച്ചമർത്തലിനെ ഞങ്ങൾ ഭയപ്പെടുന്നില്ല. ഞങ്ങൾ പോരാടുകയാണെങ്കിൽ ക്ഷമയോടെ പോരാടും ഒരിക്കലും പിൻമാറില്ല.

Related Tags :
Similar Posts