India
ഡൽഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
India

ഡൽഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Web Desk
|
13 Nov 2024 10:14 AM GMT

ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞ് മൂടിയതോടെ രാജ്യ തലസ്ഥാനത്തെ വായുനിലവാരം ഗുരുതരാവസ്ഥയിലേക്ക്.

ഡല്‍ഹിയിലും നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുടെ പരിസര പ്രദേശങ്ങളിലുമാണ് കനത്ത പുകമഞ്ഞ് രൂപപ്പെട്ടത്. ഇതോടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. രാവിലെ ഏഴ് മുതൽ ആറ് വിമാനങ്ങൾ ജയ്പൂരിലേക്കും ഒന്ന് ലഖ്‌നൗവിലേക്കും ഉൾപ്പെടെ 10 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

രാവിലെ 8.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൂരക്കാഴ്ചയും മോശമായതോടെയാണ് തീരുമാനം.

'വളരെ മോശം' വിഭാഗത്തിലാണ് ഇന്നത്തെ(ബുധന്‍) വായുവിന്റെ ഗുണനിലവാരത്തെ രേഖപ്പെടുത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (സിപിസിബി) തൽസമയ ഡാറ്റ പ്രകാരം രാവിലെ ഒമ്പത് മണിക്കുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 366 ആയിരുന്നു. ഇത് 400 കടന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്.

ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവ 'മോശം' വിഭാഗത്തിലാണ്. എന്നാല്‍ ഫരീദാബാദിലെ സൂചികമാത്രമാണ് ആശ്വാസം. മിതമായ നിലവാരമാണ് ഇവിടെ രേഖപ്പെടുത്തിയത്.

അതേസമയം അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും അടച്ചുപൂട്ടാൻ ഡൽഹി സർക്കാർ ഉത്തരവിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നഗരം ഗ്യാസ് ചേമ്പറായി മാറിയെന്നും ബിജെപി ആരോപിച്ചു.

പഞ്ചാബിലും പരിസരത്തും വൈക്കോല്‍ കത്തിക്കലുണ്ടാക്കുന്ന വായു മലിനീകരണത്തിനു പുറമേ, ദീപാവലി സമയത്തെ പടക്കംപൊട്ടിക്കലും ചേര്‍ന്നതോടെയാണ് ഡല്‍ഹി വീര്‍പ്പുമുട്ടുന്നത്.

Related Tags :
Similar Posts