ലോക്ഡൗണിന് തയ്യാറാണെന്ന് അറിയിച്ചിട്ട് എന്തു സംഭവിച്ചു? ഡല്‍ഹി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രിം കോടതി
|കോടതിയിൽ ആദ്യദിനം മുതൽ ഉറപ്പുകൾ നൽകുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല
ഡൽഹിയിലെ വായു മലിനീകരണത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമർശനം. കോടതിയിൽ ഉറപ്പ് നൽകുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. പരിഹാര നിർദേശങ്ങള്‍ 24 മണിക്കൂറിനകം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് നാളെ രാവിലെ 10 മണിക്ക് വീണ്ടും പരിഗണിക്കും.
ഡൽഹിയിലെ വായു മലിനീകരണം സംബന്ധിച്ചുള്ള ഹരജി പരിഗണിച്ചപ്പോഴാണ് ലോക്ഡൗണിന് തയ്യാറാണെന്ന് അറിയിച്ചിട്ട് എന്ത് സംഭവിച്ചെന്നാണ് സംസ്ഥാന സർക്കാരിനോട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ചോദിച്ചത്. വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ സ്‌കൂളുകൾ തുറന്നതിനും സംസ്ഥാന സർക്കാരിനെ കോടതി വിമർശിച്ചു. മുതിർന്നവർക്ക് വർക് ഫ്രം ഹോം നടപ്പാക്കുന്ന സ്ഥലത്ത് കുട്ടികൾക്ക് സ്‌കൂളിലേക്ക് പോകേണ്ടി വരുന്നുവെന്നും സുപ്രിം കോടതി പറഞ്ഞു.
വായു ഗുണനിലവാരമുയർത്താൻ രൂപീകരിച്ച 30 അംഗ കമ്മീഷൻ കൊണ്ട് എന്ത് പ്രയോജനമുണ്ടാകുന്നുവെന്നും കോടതി ചോദിച്ചു. സർക്കാർ ഖജനാവിന് നഷ്ടമെന്നല്ലാതെ മറ്റു കാര്യങ്ങൾ ഒന്നുമില്ല. അസാധാരണ നടപടികൾ വേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വ്യവസായങ്ങളും വാഹനങ്ങളുമുണ്ടാക്കുന്ന മലിനീകരണത്തെയാണ് ഗുരുതരമായി കാണുന്നതെന്നും കോടതി പറഞ്ഞു.