India
third phase of voting is tomorrow
India

മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ; 93 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും

Web Desk
|
6 May 2024 12:51 AM GMT

10 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും1,351 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ. 93 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സര രംഗത്തുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ.

10 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും1,351 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. കർണാടക - 14, മഹാരാഷ്ട്ര - 11, ഉത്തർപ്രദേശ് - 10, മധ്യപ്രദേശ് -എട്ട്, ഛത്തീസ്ഗഡ് - ഏഴ്, ബിഹാർ - അഞ്ച് പശ്ചിമബംഗാൾ, അസം - നാല്, ഗോവ - രണ്ട് എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വോട്ടെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പ്രധാനമന്ത്രിയുടെ ഗ്യാരണ്ടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പി പ്രചാരണം. എന്നാൽ പിന്നീട് മുസ് ലിം വിരുദ്ധ പരാമർശങ്ങളിലേക്കും രാഹുൽ ഗാന്ധിയിലേക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിലേക്കും ബി.ജെ.പി ആരോപണങ്ങൾ തിരിഞ്ഞു. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും കോൺഗ്രസിനെതിരെ വലിയ വിമർശനമാണ് പ്രധാനമന്ത്രി ഉയർത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങളിലും ബി.ജെ.പി പ്രതീക്ഷിച്ച വോട്ടിങ് ശതമാനം ലഭിക്കാത്തതാണ് ഇത്തരം പരാമർശങ്ങളിലേക്ക് ബി.ജെ.പിയെ നയിച്ചതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ.എസ് ഈശ്വരപ്പ, ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിങ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മൂന്നാംഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.

Similar Posts