'കണ്ണുകെട്ടി മുട്ടുകുത്തി നിർത്തി പെൺകുട്ടിയെ വെടിവച്ച് കൊന്നു'; സംഭവം മണിപ്പൂരിലേതല്ല: ഫാക്ട് ചെക്ക്
|കുകി വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യൻ പെൺകുട്ടിയെ വെടിവച്ചു കൊല്ലുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്.
മണിപ്പൂരിൽ വംശീയ കലാപം രൂക്ഷമായി തുടരവെ ഒരു പെൺകുട്ടിയെ റോഡിൽ കണ്ണുകെട്ടി മുട്ടുകുത്തി നിർത്തി വെടിവച്ച് കൊല്ലുന്ന ചിത്രവും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. മണിപ്പൂരിലെ സംഭവം എന്ന നിലയ്ക്കാണ് സോഷ്യൽമീഡിയയിൽ ഈ കൊടുംക്രൂരതയുടെ ചിത്രവും വീഡിയോയും പ്രചരിക്കുന്നത്. എന്നാൽ, കുകി വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യൻ പെൺകുട്ടിയെ വെടിവച്ചു കൊല്ലുന്നു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഈ വീഡിയോ മണിപ്പൂരിലേതാണോ? എന്താണ് സത്യാവസ്ഥ?.
ഫാക്ട് ചെക്ക്
സംഭവം മണിപ്പൂരിൽ നിന്നുള്ളതല്ലെന്നും ഒരു വർഷം മുമ്പ് മ്യാൻമറിൽ നടന്നതാണെന്നും ഫാക്ട് ചെക്കിൽ കണ്ടെത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വൈറൽ ക്ലിപ്പിൽ നിന്നുള്ള കീഫ്രെയിമുകളുടെ റിവേഴ്‌സ് സെർച്ചിലൂടെ ഒരു വെബ്‌സൈറ്റിലേക്ക് എത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വെബ്‌സൈറ്റ് അനുസരിച്ച്, ഇത് മ്യാൻമറിൽ നടന്ന ഒരു പരസ്യമായ വധശിക്ഷയാണ്.
സംഭവം എപ്പോഴാണ് നടന്നത് എന്നതുൾപ്പെടെ മറ്റ് വിവരങ്ങളൊന്നും വെബ്സൈറ്റിൽ ഇല്ല. എന്നാൽ, പേജിന്റെ സോഴ്‌സ് കോഡിൽ, 2022 ഡിസംബർ ഒമ്പതിനാണ് വീഡിയോ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്‌തതെന്ന് കണ്ടെത്തി.
തുടർന്ന് ഈ സൂചനകൾ ഉപയോഗിച്ച് പ്രസക്തമായ വാർത്താ റിപ്പോർട്ടുകൾക്കായി നടത്തിയ വിശദമായ പരിശോധനയിൽ, നിരവധി സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിയുള്ള 2022 ഡിസംബർ മുതലുള്ള റിപ്പോർട്ടുകൾ കണ്ടെത്തി. 2022 ഡിസംബർ മൂന്നിന് പ്രസിദ്ധീകരിച്ച “elevenmyanmar.com”ലെ ഒരു റിപ്പോർട്ട്, സംഭവം മ്യാൻമറിലെ തമു പട്ടണത്തിൽ നിന്നുള്ളതാണെന്ന് പറയുന്നു. ചാരവൃത്തിയാരോപിച്ചായിരുന്നു വധശിക്ഷ.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് നൂറിലധികം കിലോമീറ്റർ അകലെയാണ് തമു. മ്യാൻമറിലെ ദേശീയ ഐക്യ സർക്കാരിന്റെ (നാഷനൽ യൂണിറ്റി ഗവൺമെന്റ്) സായുധ വിഭാഗമായ ഫോർത്ത് ബറ്റാലിയൻ ഓഫ് പീപ്പിൾ ഡിഫൻസ് ഫോഴ്‌സിലെ (പി.ഡി.എഫ്) അംഗങ്ങളാണ് യുവതിയെ മർദിച്ച ശേഷം ക്രൂരമായി വകവരുത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2022 ഡിസംബർ ആറിന് പ്രസിദ്ധീകരിച്ച 'മ്യാൻമർ നൗ'വിന്റെ റിപ്പോർട്ടിൽ, യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എൻ.യു.ജിയുടെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി നെയിങ് ഹ്‌തൂ ഓങ് പറഞ്ഞതായി വ്യക്തമാക്കുന്നു. 25 വയസുള്ള ഇരയുടെ പേര് അയ് മർ ടുൻ എന്നാണെന്നും 2022 ജൂണിൽ തമു പട്ടണത്തിലാണ് സംഭവം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ, മ്യാൻമറിൽ നിന്നുള്ള ഒരു വർഷം പഴക്കമുള്ള വീഡിയോ ആണ് മണിപ്പൂരിൽ അടുത്തിടെ നടന്ന കൊലപാതകമെന്ന നിലയിൽ പ്രചരിക്കുന്നത് എന്ന് വ്യക്തമായി.