നടനാകണം, ഒരു കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്; അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക്
|ഉപരിപഠനത്തിന് പോലും ആളുകൾ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുമ്പോൾ അമേരിക്കയിലെ ഒരു കോടിയിലധികം ശമ്പളമുള്ള ജോലി കളഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് വികാസ് യാദവ് എന്ന മുപ്പതുകാരൻ
നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനായി ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ചേക്കേറുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരികയാണ്. ഉപരിപഠനത്തിന് പോലും ആളുകൾ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുമ്പോൾ അമേരിക്കയിലെ ഒരു കോടിയിലധികം ശമ്പളമുള്ള ജോലി കളഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ് വികാസ് യാദവ് എന്ന മുപ്പതുകാരൻ.
ഇൻസ്റ്റാഗ്രാമിൽ 2.50 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് ഇദ്ദേഹത്തിന്. മുഴുവൻ സമയവും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനായാണ് താൻ ജോലി ഉപേക്ഷിച്ചതെന്ന് വികാസ് പറയുന്നു. കണ്ടന്റ് ക്രിയേഷനാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ജോലി ഉപേക്ഷിച്ച് തിരിച്ചെത്തിയത്. നല്ലൊരു നടനാവുക എന്നതാണ് ലക്ഷ്യമെന്നും വികാസ് പറയുന്നു.
കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ലെങ്കിലും വികസിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. കാരണം ദ്വാരകയിലെ നേതാജി സുഭാഷ് ടെക്‌നോളജി സർവകലാശാലയിൽ ബി ടെക് ബിരുദദാരിയായ ഇദ്ദേഹം ഐഐഎം ലഖ്‌നൗവിലാണ് ഉപരിപഠനം നടത്തിയത്. യുഎസിലെ മാനേജ്‌മെന്റ് കൺസൾട്ടിംഗ് കമ്പനിയായ EXL സർവീസിന്റെ അനലിറ്റിക്‌സ് ആൻഡ് കൺസൾട്ടിംഗ് വിഭാഗത്തിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
അഭിനയത്തോടായിരുന്നു എന്നും താല്പര്യം. 2015-ൽ ശ്രീറാം സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ നടന്ന നാല് മാസത്തെ തിയറ്റർ വർക്ക്‌ഷോപ്പിൽ പോലും താൻ പങ്കെടുത്തിരുന്നുവെന്ന് വികാസ് പറയുന്നു. വിജയ് ടെണ്ടുൽക്കറുടെ ഖാമോഷ് അദാലത്ത് ജാരി ഹേയെ അടിസ്ഥാനമാക്കിയുള്ള ഒരു നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. "ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. അച്ഛന് സർക്കാർ ജോലിയായിരുന്നു. അടുത്തിടെയാണ് വിരമിച്ചത്. സ്ഥിരതയുള്ള ജോലിയുടെ പ്രാധാന്യം അവർക്കറിയാം, എങ്കിലും ജോലി രാജിവെച്ചപ്പോൾ അവർ പിന്തുണച്ചു. എന്റെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കാൻ അവർ തയ്യാറായിരുന്നു"; വികാസ് പറഞ്ഞു.
ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ നിന്ന് ആക്ടിങ് കോഴ്‌സും വികാസ് ചെയ്യുന്നുണ്ട്. കണ്ടന്റ് ക്രിയേഷനിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വരെ സമ്പാദിച്ചിട്ടുണ്ടെന്നും ഇത് യുഎസിലെ തന്റെ ശമ്പളത്തേക്കാൾ വളരെ കുറവാണെന്നും വികാസ് പറയുന്നു. കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ഭാര്യയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.