പെന്റഗണിന്റെ 80 വര്‍ഷത്തെ റെക്കോർഡ് പഴങ്കഥ; ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം ഇനി ഇന്ത്യയിൽ
|നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന റെക്കോർഡ് അമേരിക്കയുടെ പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണിനായിരുന്നു. 80 വർഷമായി ആ റെക്കോർഡ് പെന്റഗണിന് തന്നെയാണ്. എന്നാലിതാ ആ റെക്കോർഡ് തകർത്തിരിക്കുകയാണ് ഗുജറാത്തിലെ വജ്രവ്യാപാര കേന്ദ്രമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ്.
7.1 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായ പെന്റഗണിനെ മറികടക്കുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 65 ലക്ഷം ചതുരശ്രയടിയാണ് പെന്റഗണിന്റെ വിസ്തൃതി. സൂററ്റിലെ ഖജോറിൽ നിർമ്മിച്ച സമുച്ചയത്തിന് 67.28 ലക്ഷം ചതുരശ്രയടി വിസ്തൃതിയുണ്ട്.
35 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന 15 നിലകളുള്ള കെട്ടിട സമുച്ചയം ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകളായാണ് നിർമിച്ചിരിക്കുന്നത്. നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വജ്രവ്യാപാര കേന്ദ്രമായ ഈ വ്യാപാര സമുച്ചയത്തിൽ ജ്വല്ലറി, മാൾ, ആഡംബര ഹോട്ടലുകൾ, ഹെൽത്ത് ക്ലബ് തുടങ്ങി നിരവധി സൗകര്യങ്ങളുണ്ടാകും.4500 ഓളം ഓഫീസുകളും ഒരു കിലോമീറ്റർ നീളമുള്ള ഇടനാഴികളും ഉണ്ട്.
2015 ലാണ് ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. എന്നാൽ കോവിഡ് പ്രതിസന്ധിയെതുടർന്ന് നിർമാണം നീണ്ടുപോകുകയായിരുന്നു. ഇന്ത്യൻ ആർക്കിടെക്‌ചർ സ്ഥാപനമായ മോർഫോജെനിസിസ് ആണ് ഈ ഡയമണ്ട് ഹബ് രൂപകല്‍പന ചെയ്തത്. വജ്ര വ്യാപാരികളുടെ ഒത്തുചേരലിനായി ഒമ്പത് നടുമുറ്റങ്ങൾ സമുച്ചയത്തിനുള്ളിൽ ഉണ്ടെന്ന് മോർഫോജെനിസിസിന്റെ സഹസ്ഥാപകയായ സൊനാലി റസ്‌തോഗി സിഎൻഎന്നിനോട് പറഞ്ഞു.