''ആശങ്കപ്പെടുത്തുന്ന വിധി''- മീഡിയവൺ സംപ്രേഷണവിലക്കിൽ 'തെലങ്കാന ടുഡേ'
|ദ ഹിന്ദു, ദ ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ഹെറാൾഡ്, ദ ഫ്രീ പ്രസ് ജേണൽ തുടങ്ങിയ ദേശീയമാധ്യമങ്ങളെല്ലാം വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി മുഖപ്രസംഗമെഴുതിയിട്ടുണ്ട്
ഏതുതരത്തിലുള്ള വിയോജിപ്പുകളെയും നിശബ്ദമാക്കാനും അടിച്ചമർത്താനും ദേശസുരക്ഷാ വകുപ്പ് പ്രയോഗിക്കുന്ന പ്രവണത അധികാരികൾക്കിടയിൽ വർധിച്ചുവരികയാണെന്ന് ദേശീയ മാധ്യമമായ 'തെലങ്കാന ടുഡേ'. ദേശസുരക്ഷാ താൽപര്യം സംരക്ഷിക്കുന്നുവെന്ന പേരിൽ വിമർശനശബ്ദങ്ങളെ എങ്ങനെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലയാളം വാർത്താചാനലായ മീഡിയവണിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക്. പൂർണമായും കേന്ദ്ര സർക്കാർ സമർപ്പിച്ച ഇനിയും ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ലാത്ത മുദ്രവച്ച കവറിലെ വിവരങ്ങളിൽനിന്നുള്ള നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ള കോടതി വിധി തീർത്തും ആശങ്കപ്പെടുത്തുന്നതാണെന്നും പത്രം മുഖപ്രസംഗത്തിൽ പറഞ്ഞു. ദ ഹിന്ദു, ദ ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ഹെറാൾഡ്, ദ ഫ്രീ പ്രസ് ജേണൽ തുടങ്ങിയ ദേശീയമാധ്യമങ്ങളെല്ലാം വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി മുഖപ്രസംഗമെഴുതിയിട്ടുണ്ട്.
മുഖപ്രസംഗത്തിന്റെ പൂർണരൂപം
ഏതുതരത്തിലുള്ള വിയോജിപ്പുകളെയും നിശബ്ദമാക്കാനും അടിച്ചമർത്താനും ദേശസുരക്ഷാ വകുപ്പ് പ്രയോഗിക്കുന്ന പ്രവണത അധികാരികൾക്കിടയിൽ വർധിച്ചുവരുന്നുണ്ട്. ദേശസുരക്ഷാ താൽപര്യം സംരക്ഷിക്കുന്നുവെന്ന പേരിൽ വിമർശനശബ്ദങ്ങളെ എങ്ങനെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലയാളം വാർത്താചാനലായ മീഡിയവണിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക്. ലോകമൊട്ടുക്കും കേളികേട്ട ഇന്ത്യയുടെ ഊർജസ്വലമായ ജനാധിപത്യത്തിന്റെ അതിജീവനത്തിന് തീർത്തും ഹാനികരമാണ് അത്തരമൊരു സമീപനം. വിയോജിപ്പും വിമർശനവും സംവാദവുമെല്ലാം വിജയകരമായ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ ഉടമസ്ഥതയിലുള്ള ഈ ടെലിവിഷൻ ചാനലിന് ലൈസൻസ് പുതുക്കിനൽകാനുള്ള സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാനുള്ള കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരസ്യമാക്കിയിട്ടില്ല എന്നതാണ് അമ്പരപ്പിക്കുന്ന സംഗതി. സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ചോദ്യംചെയ്തുകൊണ്ട് മാധ്യമസ്ഥാപനം സമർപ്പിച്ച ഹരജി കേരള ഹൈക്കോടതിയും തള്ളുകയുണ്ടായി. പൂർണമായും കേന്ദ്ര സർക്കാർ സമർപ്പിച്ച ഇനിയും ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ലാത്ത മുദ്രവച്ച കവറിലെ വിവരങ്ങളിൽനിന്നുള്ള നിഗമനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു കോടതി വിധി. ഇത് ആഴത്തിൽ ആശങ്കപ്പെടുത്തുന്ന ഒരു സംഭവവികാസമാണ്. ദേശസുരക്ഷാ വിഷയം ഉന്നയിക്കുമ്പോഴെല്ലാം ഭരണകൂടത്തിന് ഫ്രീ പാസ് കിട്ടില്ലെന്ന് നേരത്തെ സുപ്രിംകോടതി സ്പഷ്ടമായി വിശദീകരിച്ചതിനു വിരുദ്ധവുമാണിത്. സമീപകാലത്ത് നിരവധി വിധിന്യായങ്ങളിലൂടെ മാധ്യമസ്വാതന്ത്ര്യം ഉന്നതകോടതി ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. സുതാര്യമായ രീതിയിൽ കോടതിക്കുമുൻപിൽ തങ്ങളുടെ നടപടികൾ വിശദീകരിക്കാൻ സർക്കാർ തയാറാകാത്തത് ആശങ്കപ്പെടുത്തുമ്പോൾ തന്നെ, നീതിന്യായവ്യവസ്ഥ എക്‌സിക്യൂട്ടീവിനോട് ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കുന്നത് കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നതാണ്.
തങ്ങളുടെ വിഷയം പറയാനുള്ളൊരു അവസരം നൽകാതെ ചാനലിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചത് ന്യായീകരിക്കുന്നത് അന്യായമാണ്. ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള മൗലികാവകാശങ്ങൾ ഭരണഘടന ഉറപ്പുനൽകിയതാണ്. പൊതുമണ്ഡലത്തിൽ വൈവിധ്യപൂർണമായ അഭിപ്രായങ്ങളുണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനാധിപത്യം അപകടത്തിലാകും. സാമ്പത്തിക ഇടപാടുകളും നിക്ഷേപകരുടെ വിശദവിവരങ്ങളുമെല്ലാം പൊതുസമൂഹത്തിൽ ലഭ്യമാണെന്നിരിക്കെ ഒരു മാധ്യമസ്ഥാപനത്തിനും നിഗൂഢസ്വഭാവത്തിൽ പ്രവർത്തിക്കാനാകില്ലെന്നത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ധനസ്രോതസുകൾ, വരുമാനം, ഉള്ളടക്കം തുടങ്ങിയവയടക്കം എന്തും പരിശോധിക്കാനുള്ള കൃത്യമായ നടപടിക്രമങ്ങൾ നിലവിലുണ്ട്. എന്തിനാണ് തങ്ങൾ ശിക്ഷിക്കപ്പെടുന്നതെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും നൽകാതിരിക്കുന്നത് സ്വാഭാവികനീതിയുടെ സമ്പൂർണനിഷേധമാണ്. എന്തെങ്കിലും ഗുരുതരമായ വിഷയങ്ങൾ ഇതിലുണ്ടെങ്കിൽ ഭരണഘടനാ മാർഗങ്ങളിലൂടെ അത് പരിഹരിക്കണമായിരുന്നു.
2020ൽ ഡൽഹിയിൽ നടന്ന സാമുദായിക ലഹള റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്‌സ്(റെഗുലേഷൻ) നിയമപ്രകാരം ഏഷ്യാനെറ്റിനൊപ്പം മുൻപ് മീഡിയവണിന്റെ സംപ്രേഷണം 48 മണിക്കൂർ നേരത്തേക്ക് റദ്ദാക്കിയിരുന്നു. ഒരു പ്രത്യേക സമുദായത്തോടൊപ്പം നിന്നും ആരാധനാകേന്ദ്രങ്ങൾക്കുനേരെയുള്ള ആക്രമണം എടുത്തുകാണിച്ചുമായിരുന്നു ഇവരുടെ റിപ്പോർട്ടെന്നാണ് ഔദ്യോഗിക ഉത്തരവിൽ പറഞ്ഞത്. ഡൽഹി പൊലീസിനെയും ആർ.എസ്.എസിനെയും തീർത്തും പക്ഷപാതപരമായാണ് ഈ ചാനലുകൾ വിമർശിക്കുന്നതെന്നും മന്ത്രാലയം വാദിക്കുകയുണ്ടായി.