വിജയത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്പാണിത്; ബ്രിജ് ഭൂഷണിനെതിരായ കോടതി നടപടിയില്‍ സാക്ഷി മാലിക്
|അന്തിമ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സാക്ഷി മാലിക്
ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്ഐ) മുൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താനുള്ള ഡൽഹി കോടതിയുടെ ഉത്തരവിനോട് പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്. വിജയത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്പാണ് ഇതെന്നാണ് ഒളിമ്പിക് വെങ്കല മെഡൽ ജേതാവുകൂടിയായ സാക്ഷിയുടെ പ്രതികരണം.
അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാൾക്കെതിരെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്താൻ ഉത്തരവിട്ടത്. ഒളിമ്പ്യൻമാരായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ നിരവധി വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ മാസങ്ങളോളം പ്രതിഷേധം നടത്തിയിരുന്നു.
'' കേസ് ശരിയായ രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ഇരകൾക്ക് നീതി ലഭിക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും സാക്ഷി മാലിക് പറഞ്ഞു. തീർച്ചയായും ഇത് വിജയത്തിലേക്കുള്ള ചുവടുവയ്പ്പാണ്. അന്തിമ നീതി ലഭിക്കുന്നതുവരെ ഞങ്ങൾ ഈ പോരാട്ടം തുടരും," സാക്ഷി മാലിക് തൻ്റെ ആദ്യ പ്രതികരണത്തിൽ പറഞ്ഞു. യുവ വനിതാ ഗുസ്തി താരങ്ങളുടെ ഭാവി തലമുറയെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നും സാക്ഷി കൂട്ടിചേർത്തു.
വനിതാ താരങ്ങൾ നൽകിയ ആറു കേസുകളിൽ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ആറാമത്തെ ഗുസ്തി താരത്തിന്റെ കേസിൽ ബ്രിജ് ഭൂഷണെതിരെ കുറ്റമില്ല. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.