Kerala
Thomas Issac
Kerala

'തുറന്ന മനസ്സോടെ വിമർശനങ്ങൾ കേൾക്കണം': തോൽവിയിൽ സർക്കാറിനേയും പാർട്ടിയേയും വിമർശിച്ച് തോമസ് ഐസക്

Web Desk
|
16 Jun 2024 8:25 AM GMT

''പാര്‍ട്ടി, പാര്‍ട്ടിക്കാരുടേതല്ല ജനങ്ങളുടെ പാര്‍ട്ടിയാണ്. തുറന്ന മനസ്സോടെ അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണം''

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനശൈലിയിൽ വിമർശനമുന്നയിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം തോമസ് ഐസക്ക്.

ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് വിശദീകരണം നൽകി മുന്നോട്ടു പോകാൻ കഴിയില്ല. അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിൽ ജനങ്ങൾക്ക് ദേഷ്യം ഉണ്ടോ, പാർട്ടി പ്രവർത്തകരുടെ പെരുമാറ്റ ശൈലി കൃത്യതയുള്ളതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ച് പോകണം. അവര്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അഭിപ്രായങ്ങള്‍ പരിഗണിക്കുക തന്നെ വേണം. പാര്‍ട്ടി, പാര്‍ട്ടിക്കാരുടേതല്ല ജനങ്ങളുടെ പാര്‍ട്ടിയാണ്. തുറന്ന മനസ്സോടെ അവരുടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

''കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അനുഭാവികളില്‍ ഒരു വിഭാഗം എതിരായിട്ട് വോട്ട് ചെയ്തല്ലോ. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു. അത് മനസിലാക്കി തിരുത്തുകയാണ് വേണ്ടത്. അത് മനസിലാകണമെങ്കില്‍ ഇങ്ങനെയുള്ള സംവാദങ്ങള്‍ ഉണ്ടാകണം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിശക്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ശൈലി തൃപ്തികരമാണോ? അഴിമതി സംബന്ധിച്ചുള്ള ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ? സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അനിഷ്ടമാണോ ? തങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ഉണ്ടായ ദേഷ്യം. അതിന്റേതാണോ ?'' - ഐസക് ചോദിച്ചു.

Related Tags :
Similar Posts