സീറ്റ് ബെല്‍റ്റ് വേണ്ടെന്നാണ് പിൻസീറ്റിൽ ഇരിക്കുന്നവരുടെ ധാരണ, മുഖ്യമന്ത്രിമാര്‍ പോലും നിയമം പാലിക്കുന്നില്ല: നിതിൻ ഗഡ്കരി
|കാറുകളില്‍ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള ശ്രമത്തിലാണ് തന്റെ മന്ത്രാലയമെന്ന് നിതിന്‍ ഗഡ്കരി
ജനങ്ങളുടെ സഹകരണമില്ലാതെ റോഡപകടങ്ങൾ തടയാനുള്ള ശ്രമങ്ങള്‍ ഫലപ്രദമാകില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാഹനാപകടത്തിൽ വ്യവസായി സൈറസ് മിസ്ത്രിയുടെ മരണം സംഭവിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
"പിന്നിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതില്ലെന്ന് ആളുകൾ കരുതുന്നു. ഏതെങ്കിലും അപകടത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് താത്പര്യമില്ല. മുന്‍സീറ്റിലും പിന്‍സീറ്റിലും ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം"- നിതിന്‍ ഗഡ്കരി പറഞ്ഞു.
മുഖ്യമന്ത്രിമാർ പോലും വാഹന സുരക്ഷാ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് നിതിന്‍ ഗഡ്കരി വിശദീകരിച്ചു- "സാധാരണക്കാരെ വിട്ടേക്കൂ. ഞാൻ നാല് മുഖ്യമന്ത്രിമാരുടെ കാറില്‍ യാത്ര ചെയ്തു. അവരുടെ പേര് എന്നോട് ചോദിക്കരുത്. ഞാൻ മുൻ സീറ്റിലായിരുന്നു. നിങ്ങൾ ബെൽറ്റ് ഇട്ടില്ലെങ്കിൽ അലാറം മുഴങ്ങും. എന്നാൽ ഡ്രൈവർമാർ അത് ഓഫ് ചെയ്ത് വെച്ചിരുന്നു. നാല് മുഖ്യമന്ത്രിമാരുടെ കാറുകളിൽ ഇതാണ് കണ്ടത്. ഞാൻ ഈ രീതി അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്"- ഗഡ്കരി പറഞ്ഞു.
കാറുകളില്‍ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള ശ്രമത്തിലാണ് തന്റെ മന്ത്രാലയമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ആറ് എയർബാഗുകൾ കാറുകളുടെ വില വർധിപ്പിക്കുമെന്നും ഇത് വിൽപ്പന കുറയ്ക്കുമെന്നും ഇന്ത്യൻ കാര്‍ നിർമാതാക്കൾ ചൂണ്ടിക്കാട്ടി- "വിദേശത്ത് ഇത് പിന്തുടരുന്നു. ഇന്ത്യയിലെ പാവപ്പെട്ടവരുടെ ജീവന് വിലയില്ലേ? ഓരോ എയർബാഗിനും 900 രൂപയേ അധികമായി വേണ്ടൂ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. അതില്‍ വിട്ടുവീഴ്ച ചെയ്യില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതിനാണ് ഞങ്ങളുടെ മുൻഗണന".
സൈറസ് മിസ്ത്രിയുടെ അപകടത്തിൽ ഗഡ്കരി ദുഃഖം രേഖപ്പെടുത്തി- "അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു. ശരിക്കും ഇത് രാജ്യത്തിന് വലിയ ഞെട്ടലാണ്. പ്രതിവർഷം അഞ്ച് ലക്ഷം അപകടങ്ങള്‍ നടക്കുന്നു. 1,50,000 പേര് വാഹനാപകടത്തില്‍ മരിക്കുന്നു. അഹമ്മദാബാദ്-മുംബൈ ഹൈവേ വളരെ അപകടകരമായ റോഡാണ്".
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ അതിവേഗത്തിൽ റോഡ് ഡിവൈഡറിൽ ഇടിച്ചാണ് സൈറസ് മിസ്ത്രി (54) മരിച്ചത്. മുൻ ടാറ്റ സൺസ് ചെയർമാൻ സീറ്റ് ബെൽറ്റ് ധരിക്കാതെ പിൻസീറ്റിലാണ് ഇരുന്നത്. പിൻസീറ്റിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ജഹാംഗീർ പണ്ഡോളയും കൊല്ലപ്പെട്ടു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് അനാഹിത പണ്ഡോളയാണ് കാര്‍ ഓടിച്ചിരുന്നത്.