India
പ്രതികള്‍ വെടിവച്ചത് ഹിന്ദുവികാരം വ്രണപ്പെട്ടെന്ന് പൊലീസ്; ഉവൈസിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ
India

പ്രതികള്‍ വെടിവച്ചത് ഹിന്ദുവികാരം വ്രണപ്പെട്ടെന്ന് പൊലീസ്; ഉവൈസിക്ക് 'ഇസെഡ്' കാറ്റഗറി സുരക്ഷ

Web Desk
|
4 Feb 2022 9:40 AM GMT

പ്രതികളിൽനിന്ന് ആക്രമണത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തതായി യു.പി പൊലീസ്

എ.ഐ.എം.ഐ.എം നേതാവും പാർലമെന്റ് അംഗവുമായ അസദുദ്ദീൻ ഉവൈസിയുടെ കാറിനുനേരെയുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ അറസ്റ്റിൽ. ഉവൈസിയുടെ 'ഹിന്ദു വിരുദ്ധ' പരാമര്‍ശങ്ങളില്‍ മതവികാരം വ്രണപ്പെട്ടായിരുന്നു വെടിവയ്‌പ്പെന്നാണ് പ്രതികൾ വ്യക്തമാക്കിയതെന്ന് പൊലീസ്. സംഭവത്തിനു പിന്നാലെ ഉവൈസിക്ക് 'ഇസെഡ്' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.

വെടിവയ്പ്പിൽ അന്വേഷണത്തിനായി അഞ്ചംഗസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇവർ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതികളിൽ ഒരാളിൽനിന്ന് നിയമവിരുദ്ധമായി കൈവശംവച്ച 9എം.എം പിസ്റ്റൾ പിടിച്ചെടുത്തിട്ടുണ്ട്. വെടിവയ്പ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തതായി യു.പി എ.ഡി.ജി പ്രശാന്ത് കുമാർ അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പിയിലെത്തിയ ഉവൈസി മീററ്റിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. കാറിനുനേരെ മൂന്നോ നാലോ റൗണ്ട് വെടിവച്ചെന്നും വാഹനത്തിന്റെ ടയർ പഞ്ചറായെന്നും ഉവൈസി എ.എൻ.ഐയോട് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണശേഷം മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്.

വെടിവെപ്പിന് പിന്നിലെ രണ്ട് അക്രമികളെ താൻ കണ്ടതായി ഉവൈസി ടി.വി ചാനലുകളോട് പറഞ്ഞു. ഒരാൾ ചുവന്ന ഹൂഡിയും മറ്റൊരാൾ വെള്ള ജാക്കറ്റും ധരിച്ചിരുന്നു. തൻറെ വാഹനവ്യൂഹത്തിൻറെ ഭാഗമായ രണ്ട് കാറുകളിലൊന്നിൻറെ ഡ്രൈവർ അക്രമിയെ ഇടിക്കുകയും കാലിന് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ, വെള്ള ജാക്കറ്റിലുണ്ടായിരുന്ന മറ്റ് അക്രമി ഉവൈസിയുടെ പിന്നിലെ കാറുകൾക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി, ഇത് ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ്; അദ്ദേഹം പറഞ്ഞു.

വെടിവയ്പ്പിനു പിന്നിൽ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് ഉവൈസി ആരോപിച്ചിട്ടുണ്ട്. സംഭവത്തിൽ സ്വാതന്ത്ര അന്വേഷണം നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. ''ഈ വഴിയിലൂടെയാണ് ഞാൻ ഡൽഹിയിലേക്ക് പോകുന്നതെന്ന് അക്രമികൾക്ക് അറിയാമായിരുന്നു. ടോൾ ഗേറ്റിൽ എല്ലാ കാറുകളും വേഗത കുറയ്ക്കുന്നതിനാൽ ഇത് ഒരു മികച്ച പ്ലാൻ ആയിരുന്നു. അവർ (വെടിവച്ചവർ) പത്തടി പോലും അകലെയായിരുന്നില്ല..'' ഉവൈസി പറഞ്ഞു.

Summary: Those who fired at Owaisi's car were hurt by his anti-Hindu statements: Police, Owaisi gets Z category security day after the attack

Similar Posts