India
Threat to shoot Yogi Adityanath; The police registered a case against the youth

യോഗി ആദിത്യനാഥ് 

India

യോഗി ആദിത്യനാഥിനെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; യുവാവിനെതിരെ പൊലീസ് കേസെടുത്തു

Web Desk
|
18 April 2023 11:56 AM GMT

അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു

ബാഗ്പത്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ ബാഗ്പത് പൊലീസ് കേസെടുത്തു. ജാർഖണ്ഡിൽ നിന്നുള്ള അമൻ രാജയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യോഗി ആദിത്യനാഥിനെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിജ്ഞയെടുക്കുന്ന പോസ്റ്റ് അമൻ രാജ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ബാഗ്പത്തിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ അമൻ രാജയ്ക്കെതിരെ കേസെടുത്തതായി സർക്കിൾ ഇൻസ്‌പെക്ടർ ഡി.കെ ശർമ്മ പറഞ്ഞു. ഗുണ്ടാത്തലവനും സമാജ് വാദി പാർട്ടി മുൻ എം.പിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ അദ്ദേഹം സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയ ശേഷം സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു.

അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും യോഗി ഉത്തരവിട്ടിരുന്നു. മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെയാണ് ഇതിനായി നിയോഗിച്ചത് .പ്രയോഗ്രാജിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിക്കുകയുമുണ്ടായി. സംഘർഷ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും പോലീസിന് യോഗി നിർദേശം നൽകിയിരുന്നു. ശനിയാഴ്ച രാത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് അതിഖും സഹോദരനും മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് പ്രയാഗ് രാജിൽവെച്ച് കൊല്ലപ്പെട്ടത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അതിഖിനും സഹോദരനും വെടിയേറ്റത്. അക്രമികൾ മാധ്യമപ്രവർത്തകരെന്ന വ്യാജേനയാണ് എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഉമേഷ് പാൽ വധക്കേസിലാണ് അതിഖിനേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

Similar Posts