India
Three Churches Demolished in BJP-Ruled Manipur
India

മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ച് ബിജെപി സർക്കാർ

Web Desk
|
12 April 2023 10:48 AM GMT

ചർച്ചുകൾക്കെതിരെ ഒരു പ്രാദേശിക സംഘടനയാണ് മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചത്.

ഇംഫാൽ: ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുമാറ്റി ഭരണകൂടം. ഈസ്റ്റ് ഇംഫാൽ ജില്ലയിലെ മൂന്ന് ചർച്ചുകളാണ് അധികൃതർ ചൊവ്വാഴ്ച പൊളിച്ചത്. അനധികൃത നിർമാണമെന്നാരോപിച്ചാണ് നടപടി.

സർക്കാർ ഭൂമിയിലാണ് പള്ളികൾ നിർമിച്ചതെന്ന് ജില്ലാ ഭരണകൂടം അരോപിക്കുന്നു. ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥെറൻ ചർച്ച്, കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നിവയാണ് തകർത്തത്.

സംസ്ഥാനത്ത് ബിജെപി സർക്കാർ നടത്തിയ കുടിയൊഴിപ്പിക്കൽ നടപടിയുടെ ഉത്തരവിന്മേലുള്ള തൽസ്ഥിതി ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ തകർത്തത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോ അം​ഗീകാരമോ ഇല്ലാതെ സർക്കാർ ഭൂമിയിൽ നിർമിച്ചിരുന്നതിനാലാണ് ചർച്ചുകൾ പൊളിച്ചുനീക്കിയത് എന്ന് അധികൃതർ പറയുന്നു.

ഇതിൽ ഒരു പള്ളി 1974ൽ‍ നിർമിച്ചതാണ്. 2020 ഡിസംബറിൽ പള്ളികൾക്കും സമീപത്തെ കുറച്ച് ഗാരേജുകൾക്കും സർക്കാർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. ചർച്ചുകൾക്കെതിരെ ഒരു പ്രാദേശിക സംഘടനയാണ് മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തൽസ്ഥിതി തുടരാൻ രണ്ട് വർഷത്തേക്ക് കോടതി സമ്മതിച്ചിരുന്നു.

എന്നാൽ നിർ‍മാണം സർക്കാരിന്റെ അംഗീകാരത്തോടെയാണെന്ന് സ്ഥാപിക്കാൻ ഡോക്യുമെന്ററി തെളിവ് നൽകുന്നതിൽ പള്ളികൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഏപ്രിൽ ‌നാലിന് ഹൈക്കോടതി തൽസ്ഥിതി ഉത്തരവ് റദ്ദാക്കി. മണിപ്പൂർ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി മുരളീധരന്റേതായിരുന്നു നടപടി.

രേഖകൾ, നയപരമായ തീരുമാനങ്ങൾ, സുപ്രിംകോടതിയുടെ നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പള്ളികൾ ഒഴിപ്പിക്കാനുള്ള സംസ്ഥാന അധികാരികളുടെ തീരുമാനമെന്ന് കോടതി ഉത്തരവിൽ പറയുന്നു. തുടർന്നാണ് ചൊവ്വാഴ്ച പള്ളികൾ പൊളിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് പള്ളികൾ പൊളിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്, നടപടിയെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചു.

പള്ളികൾ തകർത്തതിനു പിന്നാലെ ചൊവ്വാഴ്ച നിരവധി ക്രിസ്ത്യൻ വിശ്വാസികൾ അവയുടെ അവശിഷ്ടങ്ങളിൽ ഒത്തുകൂടി പ്രാർഥന നടത്തി. '1974ൽ സ്ഥാപിതമായ ഈ പള്ളി ഇപ്പോൾ 49 വർഷമായി. സർക്കാർ ഒഴിപ്പിക്കൽ നോട്ടീസ് 2020 ഡിസംബർ 24ന് വന്നിരുന്നു. എന്നാൽ ഹൈക്കോടതി ഏകദേശം രണ്ടു മൂന്നു വർഷത്തേക്ക് തൽസ്ഥിതി സംരക്ഷിച്ചു. തുടർന്ന്, ഈ വർഷം ഏപ്രിലിൽ നാലിന് തൽസ്ഥിതി ഉത്തരവ് എടുത്തുകളഞ്ഞു. പിന്നാലെ ഇപ്പോൾ ഇങ്ങനെ സംഭവിച്ചു'- പാസ്റ്റർ നെങ്‌സഹൗ വി. ഹൗപി പറഞ്ഞു.‌

ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയല്ല നിർമിച്ചതെന്നതിനാൽ സംസ്ഥാന സർക്കാർ പള്ളികൾ പൊളിക്കാൻ പാടില്ലായിരുന്നുവെന്ന് മറ്റൊരു വൈദികൻ പറഞ്ഞു. "പള്ളികൾ ആളുകൾക്കിടയിൽ സ്നേഹവും ഐക്യവുമാണ് പഠിപ്പിക്കുന്നത്. ഞങ്ങൾ മോശമായി ഒന്നും പഠിപ്പിക്കുന്നില്ല. അതിനാൽ പള്ളികൾ തകർത്തത് ഞങ്ങളിൽ വളരെയേറെ വേദനയുണ്ടാക്കുന്നു"- അദ്ദേഹം പറഞ്ഞു. ആകെ ജനങ്ങളുടെ 41 ശതമാനത്തോളമാണ് മണിപ്പൂരിലെ ക്രിസ്ത്യൻ ജനസംഖ്യ.



Similar Posts