വീട്ടിൽ കയറി ദലിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ച് കൊന്ന് മേൽജാതിക്കാർ
|പട്ടേൽ സമുദായത്തിൽപ്പെട്ട 25ഓളം പേരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ മക്കളിൽ ഒരാൾ പറഞ്ഞു.
ഭോപ്പാൽ: വീട്ടിൽ അതിക്രമിച്ചു കയറി ദലിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ച് കൊന്ന് മേൽജാതിക്കാർ. മധ്യപ്രദേശിലെ ദാമോയിലെ ദേഹത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവ്‌രന്‍ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. മഹേഷ് അഹിവാർ എന്ന യുവാവിന്റെ 60കാരനായ പിതാവ്, 58കാരിയായ മാതാവ്, 32കാരനായ ജ്യേഷ്ട സഹോദരൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
പട്ടേൽ സമുദായത്തിൽപ്പെട്ട 25ഓളം പേരാണ് ആക്രമണം നടത്തിയതെന്ന് മഹേഷ് അഹിവാർ പറഞ്ഞു. വീട്ടിൽ അതിക്രമിച്ചു കയറിയ ഇവരുടെ കൈയിൽ തോക്കുകളും മൂർച്ചയേറിയ ആയുധങ്ങളും ഉണ്ടായിരുന്നു. തുടർന്ന് അവർ തന്നെ മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തുകയായിരുന്നെന്നും മഹേഷ് പൊലീസിനോട് പറഞ്ഞു.
ആക്രമണത്തിൽ 28കാരനായ മഹേഷിനും 30കാരനായ മറ്റൊരു സഹോദരനും പരിക്കേറ്റതായും ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് സൂപ്രണ്ട് ഡി.ആർ തെനിവാർ അറിയിച്ചു.
സംഭവത്തിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ ഐ.പി.സിയിലെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകളും പട്ടികജാതി- വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്.പി പറഞ്ഞു.
അക്രമികൾ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ചെറിയ തർക്കമാണ് കൂട്ടക്കൊലയിൽ കലാശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.