റെയിൽവേ പാലത്തിൽ നിന്ന് റീൽസ് ഷൂട്ട്; ട്രെയിനിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
|ട്രെയിൻ അടുത്തെത്തിയപ്പോൾ പൊടുന്നനെ താഴെ നദിയിലേക്ക് എടുത്തുചാടിയതിനാൽ കൂടെയുണ്ടായിരുന്ന രണ്ട് പേർ രക്ഷപെട്ടു.
കൊൽക്കത്ത: റെയിൽവേ പാലത്തിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സുജ്‌നിപാര- അഹിറോൺ സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞദിവസമാണ് സംഭവം.
ഹൗറ-രാധികാപൂർ കുലിക് എക്‌സ്പ്രസ് ട്രെയിനാണ് യുവാക്കളെ ഇടിച്ചത്. ട്രെയിൻ അടുത്തെത്തിയപ്പോൾ പൊടുന്നനെ താഴെ നദിയിലേക്ക് എടുത്തുചാടിയതിനാൽ കൂടെയുണ്ടായിരുന്ന രണ്ട് പേർ രക്ഷപെട്ടു.
'മാൾഡ ഡിവിഷനിലെ അസിംഗഞ്ച്- ന്യൂ ഫറാക്ക സെക്ഷനിലെ സുജ്‌നിപാര- അഹിറോൺ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ പാലത്തിൽ ട്രാക്കിൽ സോഷ്യൽമീഡിയ റീലുകൾ ചിത്രീകരിക്കുന്നതിനിടെ മൂന്ന് യുവാക്കളെ ഹൗറ- രാധികാപൂർ കുലിക് എക്‌സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു'- ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
എപ്പോൾ വേണമെങ്കിലും ട്രെയിൻ വരാമെന്നും ഒരു നിമിഷം ശ്രദ്ധ തെറ്റിയാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ എല്ലാവരും റെയിൽവേ ട്രാക്കുകളിൽ നിന്ന് മാറി നിൽക്കണമെന്നും റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി.