ദക്ഷിണ കന്നഡയില്‍ ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങള്‍; നിരോധനാജ്ഞ
|പനമ്പൂർ, ബജ്പെ, മുൽകി, സൂറത്ത്കല്‍ എന്നീ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ
ദക്ഷിണ കന്നഡയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. പനമ്പൂർ, ബജ്പെ, മുൽകി, സൂറത്ത്കല്‍ എന്നീ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ബെല്ലാരയിൽ ബന്ധു വീട്ടിലെത്തിയ കാസർകോട് മൊഗ്രാൽ സ്വദേശി മസൂദിനെ ഒരു സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.
പിന്നാലെ യുവമോർച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രത്യേക പൊലീസ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. പ്രവീണിന്റെ വീട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ചു. അതിനിടെയിലാണ് മൂന്നാമത്തെ കൊലപാതകം നടന്നത്.
സൂറത്ത്കല്ലിൽ ഇന്നലെ രാത്രി യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു. മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിൽ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി സൂറത്ത്കല്ലിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് പുറത്ത് നിൽക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന് പിന്നാലെ എത്തിയ സംഘം പിന്തുടർന്ന് ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.