ഡൽഹിയില്‍ അറസ്റ്റ് ചെയ്ത മൂന്ന് പോപുലർ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടു
|കൊച്ചിയിൽ അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് പ്രവർത്തകരെയും ഏഴ് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മൂന്ന് പോപുലർ ഫ്രണ്ട് നേതാക്കളെ ഡൽഹി പ്രത്യേക കോടതി ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടു. പോപുലര്‍ ഫ്രണ്ട് ഡൽഹി പ്രസിഡന്‍റ് പർവീസ് അഹമദ്, ജനറൽ സെക്രട്ടറി എം.ഡി ഇല്യാസ്, ഓഫീസ് സെക്രട്ടറി അബ്ദുൽ മുഖീത് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ഷെഫീഖ് പിയെ അടുത്ത മാസം മൂന്ന് വരെ ലഖ്‌നൗ കോടതി കസ്റ്റഡിയിൽ വിട്ടു. ലഖ്‌നൗ ജയിലിലാണ് ഷെഫീഖ് പി നിലവിലുള്ളത്.
അതിനിടെ കൊച്ചിയിൽ അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് പ്രവർത്തകരെ ഏഴ് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻ.ഐ.എ കോടതിയുടേതാണ് നടപടി. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായ കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപുലർ ഫ്രണ്ട് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ വിട്ടത്. കേരളത്തിലെ പ്രമുഖരെ അടക്കം കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്നും, ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു.
കേരളം ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എന്‍.ഐ.എയും ഇ.ഡിയും റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.