India
uttar pradesh hijab row
India

യു.പിയിൽ ഹിജാബ് ധരിച്ചതിന് മൂന്ന് വിദ്യാർഥിനികളെ കോളജിൽനിന്ന് പുറത്താക്കി; മദ്റസയിൽ പോയി പഠിക്കണമെന്ന് പരിഹാസം

Web Desk
|
9 Aug 2024 1:13 PM GMT

പുറത്താക്കിയ നടപടി അന്യായമെന്ന് രക്ഷിതാക്കൾ

കാണ്‍പുര്‍: ഉത്തര്‍ പ്രദേശില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ മൂന്ന് വിദ്യാര്‍ഥിനികളെ പുറത്താക്കിയതായി ആരോപണം. കാണ്‍പുരിലെ ബിലാഹുര്‍ ഇന്റര്‍ കോളജിലാണ് സംഭവം. ഹിജാബ് കോളജ് ഡ്രസ് കോഡിന്റെ ലംഘനമാണെന്നാണ് അധികൃതരുടെ വാദം. കൂടാതെ ഹിജാബ് ധരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മദ്‌റസയില്‍ പോയി പഠിക്കാൻ അധ്യാപിക പറഞ്ഞതായും ആരോപണമുണ്ട്.

12ാം ക്ലാസ് വിദ്യാര്‍ഥികളോടാണ് ഹിജാബ് അഴിച്ചുമാറ്റാന്‍ അധ്യാപിക ആവശ്യപ്പെടുന്നത്. ഹിജാബ് ധരിക്കണമെങ്കില്‍ സാധാരണ സ്‌കൂളില്‍ പഠിക്കാതെ മദ്‌റസയില്‍ പോകണമെന്ന് പരിഹാസത്തോടെ പറയുകയും ചെയ്തു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ വിഷയം പ്രിന്‍സിപ്പലുടെ ഓഫിസിലെത്തി.

താൻ വിദ്യാർഥികളോട് ഡ്രസ്​ കോഡ് പാലിക്കാൻ ആവശ്യപ്പെട്ടെന്നും എന്നാൽ അവർ അത് നിരസിക്കുകയും ഹിജാബ് ധരിക്കാനുള്ള അവകാ​ശത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തതായി പ്രിൻസിപ്പൽ സുർജിത് യാദവ് പറഞ്ഞു. പ്രതിഷേധം തുടർന്നതോടെ വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. തുടർന്ന് കോളജിൽനിന്ന് പുറത്താക്കിക്കൊണ്ടുള്ള കത്തിൽ അവർ ഒപ്പിടുകയായിരുനുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.

അതേസമയം, വിദ്യാർഥിനികളെ കോളജിൽനിന്ന് അന്യായമായാണ് പുറത്താക്കിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ‘ഹിജാബ് ധരിച്ചതിന്റെ പേരിൽ തങ്ങളെക്കൊണ്ട് നിർബന്ധിപ്പിച്ച് ഒരു കത്തിൽ ഒപ്പിടിപ്പിക്കുകയും അവരെ പുറത്താക്കുകയും ചെയ്തു. ഇത് അവകാശ ലംഘനമാണെന്നും രക്ഷിതാക്കാൾ വ്യക്തമാക്കി.

വിദ്യാർഥികൾക്ക് ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ മുംബൈയിലെ സ്വകാര്യ കോളജ് സർക്കുലർ വെള്ളിയാഴ്ച സുപ്രിംകോടതി ഭാഗികമായി സ്‌റ്റേ ചെയ്തിരുന്നു. എന്തു ധരിക്കണമെന്ന ഇഷ്ടം വിദ്യാർഥികളുടേതാണെന്നും അതടിച്ചേൽപ്പിക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി.

Related Tags :
Similar Posts