കടുവ ആക്രമണം: കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 44 പേർ
|ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 320 പേര്‍
രാജ്യത്ത് കഴിഞ്ഞ വർഷം കടുവാ അക്രമണത്തിൽ കൊല്ലപ്പെട്ടത് 44 പേർ. ജനവാസ മേഖലയിൽ കടുവ ഇറങ്ങി ആക്രമണം നടത്തുന്നത് വര്‍ധിച്ചതായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി റിപ്പോർട്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത്. 2014 മുതൽ 2020 വരെ കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 320 പേരിൽ മഹാരാഷ്ട്രയിൽ 99 പേർക്കും പശ്ചിമ ബംഗാളിൽ 78 പേർക്കും ജീവന്‍ നഷ്ടമായി.
2020-ൽ മാത്രം 25 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കേരളം, ബിഹാർ, തമിഴ്‌നാട് എന്നിവിടങ്ങളിലും കടുവയുടെ ആക്രമണം മൂലം ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തു. വേട്ടയാടൽ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ 2012-2020 കാലഘട്ടത്തിൽ രാജ്യത്ത് 857 കടുവകൾ ചത്തു. ഏറ്റവും കൂടുതൽ കടുവകൾ ചത്തത് മധ്യപ്രദേശിലാണ്. 202 കടുവകളാണ് മധ്യപ്രദേശില്‍ കൊല്ലപ്പെട്ടത്. ഇക്കാലയളവിൽ കേരളത്തിൽ 45 കടുവകളും ചത്തു. ഏറ്റവും കുറവ് കടുവകള്‍ കൊല്ലപ്പെട്ടത് ജാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ്. കടുവകൾക്ക് നേരെയുള്ള വേട്ടയാടലുകൾ വർധിച്ചു വരുകയാണെന്നും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.