India
brij bhushan,WRESTLING
India

'ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണം'- താരങ്ങൾ നൽകിയ സമയം നാളെ അവസാനിക്കും

Web Desk
|
20 May 2023 2:23 AM GMT

സമരത്തിന് പിന്തുണയുമായി കൂടുതൽ ആളുകൾ ഇന്നും ഡൽഹി ജന്തർ മന്ദറിൽ എത്തും

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ സിങിനെ അറസ്റ്റ് ചെയ്യാൻ താരങ്ങൾ നൽകിയ സമയം നാളെ അവസാനിക്കും. അറസ്റ്റ് നടന്നില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുമെന്നാണ് സമര സമിതി പ്രഖ്യാപനം. സമരത്തിന് പിന്തുണയുമായി കൂടുതൽ ആളുകൾ ഇന്നും ഡൽഹി ജന്തർ മന്ദറിൽ എത്തും.

കഴിഞ്ഞ മാസം അവസാനത്തോടെ ആണ് ലൈംഗിക പീഡന കേസിൽ പ്രതിയായ ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക് എന്നീ ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്ദറിൽ സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി സാധാരണക്കാർ മുതൽ വിവിധ രാഷ്ട്രീയ പാർട്ടി, സംഘടന നേതാക്കൾ ഉൾപ്പടെയുള്ളവർ ജന്തർ മന്ദറിലെ സമര പന്തലിൽ എത്തി. കർഷക സംഘടനകൾ കൂടി സമരത്തിൻ്റെ ഭാഗമായതോടെ ആണ് സമരത്തിന് ഉപദേശക സമിതി രൂപീകരിച്ചത്. ഈ സമിതിയുടെ തീരുമാന പ്രകാരമാണ് ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് താരങ്ങൾ അന്ത്യ ശാസനം നൽകിയത്.

ബിജെപിയെ സംബന്ധിച്ച് പ്രധാനപ്പെട്ട നേതാവും എംപിയുമായ ബ്രിജ്ഭൂഷണെതിരെ താരങ്ങൾ രംഗത്ത് എത്തിയത് കേന്ദ്ര സർക്കാരിനെ പോലും സമ്മർദ്ദത്തിലാക്കി. ബ്രിജ്ഭൂഷണെതിരെ പ്രായപൂർത്തിയാകാത്ത താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെങ്കിലും അന്വേഷണ പുരോഗതിയിൽ താരങ്ങൾക്ക് പ്രതീക്ഷയില്ല. കർഷക സംഘടനകളുടെ പിന്തുണയോടെ ആണ് ഗുസ്തി താരങ്ങൾ ഡൽഹിയുടെ അതിർത്തികൾ ഉപരോധിച്ചു കൊണ്ടുള്ള സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കർഷക സമരത്തെ തുടർന്ന് സ്തംഭിച്ച ഡൽഹിയുടെ അതിർത്തികളിലേക്ക് കായിക താരങ്ങൾ കൂടി എത്തുന്നത് തടയാൻ ആണ് സർക്കാർ ശ്രമം. എന്നാൽ സർക്കാരിന് എതിരെ താരങ്ങൾ നടത്തുന്ന സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയുണ്ട്.

Similar Posts