India
vk sasikala

വി.കെ ശശികല

India

റീ-എന്‍ട്രിക്കുള്ള സമയമായി; രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല

Web Desk
|
17 Jun 2024 4:04 AM GMT

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ശശികല

രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല. തുടർച്ചയായ തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല വ്യക്തമാക്കി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എടപ്പാടി കെ. പളനിസ്വാമി ശരിയായ ചോദ്യങ്ങൾ ചോദിക്കാത്തപ്പോൾ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ സർക്കാരിനെ ചോദ്യം ചെയ്യുമെന്നും അവർ തറപ്പിച്ചു പറഞ്ഞു.എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ.യുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഏറെ നാളായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് പോയസ് ഗാർഡനിലെ വീട്ടിൽ അനുകൂലികളുമായി ചർച്ച നടത്തിയതിനു ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്.''ഇതാണ് ശരിയായ സമയം. ഒരു ആശങ്കയും വേണ്ട'' ശശികല അണികളോട് പറഞ്ഞു. "തീർച്ചയായും, തമിഴ്‌നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ പക്ഷത്താണ്. ഞാൻ വളരെ ശക്തയാണ്.എഐഎഡിഎംകെ അവസാനിച്ചുവെന്ന് കരുതാനാവില്ല, കാരണം ഞാന്‍ വീണ്ടും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്'' ശശികല കൂട്ടിച്ചേര്‍ത്തു. കേഡർമാരുടെയും ജനങ്ങളുടെയും പിന്തുണയോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് 'അമ്മ'യുടെ ഭരണം കൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.

താൻ ഉടൻ തന്നെ സംസ്ഥാന വ്യാപക പര്യടനം ആരംഭിക്കുമെന്നും ചോദ്യങ്ങൾ ഉന്നയിക്കുമെന്നും ഡിഎംകെ സർക്കാർ ഉത്തരം നൽകണമെന്നും ശശികല പറഞ്ഞു. ജാതി രാഷ്ട്രീയം എഐഎഡിഎംകെയില്‍ നുഴഞ്ഞുകയറിയെന്ന് ആരുടെയും പേരെടുത്ത് പറയാതെ ശശികല പറഞ്ഞു. പാർട്ടി സ്ഥാപകൻ എംജിആറും അന്തരിച്ച ജയലളിതയും വളർത്തിയ പാർട്ടിയിൽ ഇത്തരം ജാതി രാഷ്ട്രീയം കൊണ്ടുവരുന്നത് അവർക്കും പാർട്ടി പ്രവർത്തകർക്കും സഹിക്കില്ല. ജാതി അടിസ്ഥാനത്തിലുള്ള പരിഗണന ഉണ്ടായിരുന്നെങ്കിൽ 2017ൽ എടപ്പാടി കെ പളനിസ്വാമിയെ അവർ മുഖ്യമന്ത്രിയാക്കുമായിരുന്നില്ല.എംജിആറിൻ്റെ കാലം മുതൽ പാർട്ടിക്കൊപ്പം നിന്ന സംസ്ഥാനത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള പ്രാതിനിധ്യം പരിഗണിച്ചാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്.ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നും നാലും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടുവെന്നും നിരവധി സീറ്റുകളിൽ കെട്ടിവെച്ച തുക നഷ്ടമായെന്നും അവർ ചൂണ്ടിക്കാട്ടി.

പേരെടുത്ത് പറയാതെയാണ് പരാമര്‍ശമെങ്കിലും എടപ്പാടി പളനിസ്വാമിയെ ലക്ഷ്യമിട്ടായിരുന്നു ശശികലയുടെ പ്രസ്താവന. നിലവിലെ സാഹചര്യത്തിൽ വിക്രവണ്ടി ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്ന് മാധ്യമപ്രവർത്തകരോട് ഒരു ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. ജൂലൈ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് എഐഎഡിഎംകെയും ഡിഎംഡികെയും അറിയിച്ചിരുന്നു.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നുംഅനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ 2021 ഫെബ്രുവരിയിലാണ് ജയില്‍മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് പിന്നീട് ശശികല പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപ് ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന നൽകുകയും ചെയ്തു. അതിനിടെ നടന്‍ രജനീകാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ചതും ചര്‍ച്ചയായിരുന്നു.

Related Tags :
Similar Posts