രാത്രിയിൽ ഇനി കൂടിയ നിരക്ക്; വൈദ്യുതിബില് 'ഷോക്കടിപ്പിക്കും'
|രാത്രിസമയത്ത് പകലിനെക്കാളും 20 ശതമാനം വരെ കൂടിയ നിരക്ക് ഏർപ്പെടുത്തുന്ന 'ടൈം ഓഫ് ഡേ' സംവിധാനത്തിലേക്ക് മാറുകയാണ് വൈദ്യുതി നികുതി നിയമം
ന്യൂഡൽഹി: പുതിയ വൈദ്യുതി തീരുവ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാത്രിസമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഇരട്ടിതുക ഏർപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. ഒരേ ദിവസം തന്നെ പല സമയങ്ങൾക്ക് വ്യത്യസ്ത വൈദ്യുതിനിരക്കാണ് ഏർപ്പെടുത്താനിരിക്കുന്നത്. 2020ലെ വൈദ്യുതി ഉപഭോക്തൃ അവകാശ നിയമത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്. പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും.
ടൈം ഓഫ് ഡേ(ടി.ഒ.ഡി) അവതരണം, സ്മാർട്ട് മീറ്റർ സംവിധാനം എന്നിങ്ങനെ രണ്ട് പ്രധാന പരിഷ്ക്കാരങ്ങളാണ് കേന്ദ്രം നടപ്പാക്കാനിരിക്കുന്നത്. രാത്രിയും പകലും വ്യത്യസ്തനിരക്ക് ഏർപ്പെടുത്തുന്നതാണ് ടി.ഒ.ഡി സംവിധാനം. ദിവസം മുഴുവൻ ഒരേ നിരക്ക് ചുമത്തുന്നതിനു പകരം സോളാർ അവേഴ്സ്, പീക്ക് അവേഴ്സ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളാക്കിയായിരിക്കും പുതിയ നിരക്ക്. സൂര്യപ്രകാശമുള്ള പകൽസമയത്തെ എട്ടുമണിക്കൂറാണ് സോളാർ അവേഴ്സിന് നിശ്ചയിച്ചിരിക്കുന്നത്. രാത്രിയാണ് പീക്ക് അവറായി കണക്കാക്കുന്നത്.
പകൽസമയത്തെ വൈദ്യുതി ഉപഭോഗത്തിന് സാധാരണ വൈദ്യുതിനിരക്കിലും 10 മുതൽ 20 ശതമാനം വരെ കുറവുണ്ടാകും. ഉയർന്ന തോതിലുള്ള വൈദ്യുതി ഉപഭോഗമുള്ള രാത്രിസമയത്ത്(പീക്ക് അവർ) പക്ഷെ ഇത് നിശ്ചിതനിരക്കിലും 20 ശതമാനം വരെ വർധനയുണ്ടാകും. ഓരോ സംസ്ഥാനത്തെയും വൈദ്യുതി ബോർഡാണ് ടി.ഒ.ഡി സമയക്രമം നിശ്ചയിക്കുക.
എ.സി, എയർ കൂളർ ഉൾപ്പെടെ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയാകും പുതിയ നിയമം. രാത്രിസമയത്ത് എ.സി, ബൾബ് ഉൾപ്പെടെ ഉപഭോഗം ഇരട്ടിയാകുന്നതിനാൽ വൈദ്യുതി ആവശ്യവും കുത്തനെ ഉയരുകയാണ്. ഇതിനാലാണ് രാത്രിസമയത്ത് കൂടിയ നിരക്ക് നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ, പകൽ ഉപഭോഗം കൂടുതൽ കുറച്ച് രാത്രിസമയത്തെ നിരക്ക് വർധന ലാഭിക്കാൻ പുതിയ നിയമപ്രകാരം ഉപഭോക്താക്കൾക്കാകും.
പഴയ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ച ശേഷമായിരിക്കും പുതിയ നിരക്ക് ഏർപ്പെടുത്തുക. ഉപഭോക്താക്കളുടെ പ്രയാസങ്ങളും വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികളും പരിഹരിക്കുക കൂടിയാണ് സ്മാർട്ട് മീറ്റർ വഴി ലക്ഷ്യമിടുന്നത്. സ്മാർട്ട് മീറ്റർ വന്നാൽ ഓരോ ദിവസവും വൈദ്യുതിനിരക്കിനെക്കുറിച്ചുള്ള വിവരം ഉപഭോക്താക്കൾക്ക് ലഭിക്കും. അതിനാൽ, ഉപയോഗം നിയന്ത്രിക്കാനുള്ള സൗകര്യം കൂടി ഇതിലൂടെ വരും.
2024 ഏപ്രിൽ ഒന്നിനാണ് ടി.ഒ.ഡി പ്രാബല്യത്തിൽ വരുന്നത്. ആദ്യഘട്ടത്തിൽ വ്യവസായ, വാണിജ്യ ഉപഭോക്താക്കളെയാകും പുതിയ നിയമം ബാധിക്കുക. പിന്നീട് 2025 ഏപ്രിൽ ഒന്നുമുതൽ കർഷകരല്ലാത്ത ഗാർഹിക ഉപഭോക്താക്കൾക്കും പുതിയ നിരക്ക് ബാധകമാകും.
Summary: Centre to intorduce new electricity tariff rule from April 2024, which will bring reforms including the implementation of the Time of Day(ToD) system