രാമഭജനം ചെയ്യുന്നവര്‍ മാത്രം ഈ രാജ്യത്ത് മതി, ടിപ്പു ഭക്തരെ കാട്ടിലേക്ക് ഓടിക്കണം; കര്‍ണാടക ബി.ജെ.പി നേതാവ്
|കൊപ്പൽ ജില്ലയിലെ യെലബുർഗയിലെ പഞ്ചായത്ത് ടൗണിൽ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
ബെംഗളൂരു: ടിപ്പു ഭക്തരെ കാട്ടിലേക്ക് തുരത്തണമെന്ന് വിവാദ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളീന്‍ കുമാര്‍ കട്ടീല്‍. കൊപ്പൽ ജില്ലയിലെ യെലബുർഗയിലെ പഞ്ചായത്ത് ടൗണിൽ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
''ഞങ്ങൾ ശ്രീരാമഭക്തരാണ്, ഹനുമാന്‍റെ ഭക്തരാണ്. ഞങ്ങൾ ഹനുമാനോട് പ്രാർത്ഥിക്കുകയും പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു, ഞങ്ങൾ ടിപ്പുവിന്‍റെ പിൻഗാമികളല്ല. ടിപ്പുവിന്റെ സന്തതികളെ അവരുടെ വീട്ടിലേക്ക് തിരിച്ചയക്കണം. നിങ്ങൾ ഹനുമാനോടാണോ ടിപ്പുവിനോടാണോ പ്രാർഥിക്കുന്നതെന്ന് ഞാൻ ഇവിടുത്തെ ജനങ്ങളോട് ചോദിക്കുന്നു.ഈ സംസ്ഥാനത്തിന് ഹനുമാൻ ഭക്തരോ ടിപ്പുവിന്‍റെ പിൻഗാമികളോ ആവശ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?ടിപ്പുവിന്റെ തീവ്ര അനുയായികളായവർ ഈ ഫലഭൂയിഷ്ഠമായ മണ്ണിൽ ജീവിച്ചിരിക്കരുത്," അദ്ദേഹം കൂട്ടിച്ചേർത്തു.
മൈസൂർ ഭരണാധികാരി കർണാടകയിൽ ഒരു ധ്രുവീകരണ ഘടകമായി മാറിയിരിക്കെ, 2018 ലെ കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ടിപ്പു സുൽത്താന്‍- ഹനുമാന്‍ വിഷയം എടുത്തിട്ടത്. ഒരു റാലിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച യോഗി ആദിത്യനാഥ്, കർണാടക പഴയ വിജയനഗര സാമ്രാജ്യം ഭരിച്ച "ഹനുമാന്റെ നാടാണ്" എന്ന് പറഞ്ഞിരുന്നു.ഹനുമാനെയും വിജയനഗരത്തെയും ആരാധിക്കുന്നതിന് പകരം ടിപ്പു സുൽത്താനെ ആരാധിക്കുന്ന കോൺഗ്രസ് എന്നത് ദൗർഭാഗ്യകരമാണെന്നും കർണാടക കോൺഗ്രസിനെ ഒറ്റയടിക്ക് പിരിച്ചുവിട്ടാൽ മറ്റാരും ടിപ്പു സുൽത്താനെ ആരാധിക്കാൻ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വലതുപക്ഷക്കാർ ടിപ്പു സുൽത്താനെ കാണുന്നത് ആയിരങ്ങളെ ബലം പ്രയോഗിച്ച് മതപരിവർത്തനം ചെയ്ത ഒരു ഭ്രാന്തനായ സ്വേച്ഛാധിപതിയായാണ്.എന്നാൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാർ അദ്ദേഹത്തിന്‍റെ ജന്മവാർഷികം തുടർച്ചയായി രണ്ട് വർഷം ആഘോഷിച്ചിരുന്നു. ടിപ്പുവിനെ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായി കണ്ടുകൊണ്ടായിരുന്നു ആഘോഷം.
ഏപ്രിൽ-മെയ് മാസങ്ങളിലാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന സർവേ ഫലങ്ങൾ പുറത്തുവന്നതോടെ അങ്കലാപ്പിലാണ് നേതൃത്വം.ദക്ഷിണേന്ത്യയിൽ ബി.ജെ.പി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കർണാടക.