India
Tipu Sultan memorial built by AIMIM MLA demolished in maharashtra
India

മഹാരാഷ്ട്രയിൽ ടിപ്പു സുൽത്താൻ സ്മാരകം തകർത്ത് ഭരണകൂടം

Web Desk
|
11 Jun 2023 1:52 PM GMT

എ.ഐ.എം.ഐ.എം എംഎൽഎ ഫാറൂഖ് ഷാ അൻവറാണ് സ്മാരകം നിർമിച്ചത്.

മുംബൈ: മഹാരാഷ്ട്രയിൽ ടിപ്പു സുൽത്താൻ സ്മാരകം തകർത്ത് പ്രാദേശിക ഭരണകൂടം. ധൂലെയിലെ ട്രാഫിക് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന സ്മാരകമാണ് തകർത്തത്. അനധികൃത നിർമാണം എന്നാരോപിച്ചായിരുന്നു നടപടി.

ധൂലെ സിറ്റി എ.ഐ.എം.ഐ.എം എംഎൽഎ ഫാറൂഖ് ഷാ അൻവറാണ് വഡ്‌ജായി റോഡ് ജങ്ഷനിൽ സ്മാരകം നിർമിച്ചത്. വെള്ളിയാഴ്‌ച നഗരസഭയുടെ നേതൃത്വത്തിൽ പൊലീസ് സാന്നിധ്യത്തിലാണ് സ്മാരകം പൊളിച്ചത്.

'എംഎൽഎയോട് തന്നെ ഇത് നീക്കം ചെയ്യാൻ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ജില്ലാ കലക്ടറും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ സ്‌മാരകം പൊളിക്കുകയായിരുന്നു'- ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. പ്രദേശത്ത് സ്ഥിതിഗതികൾ സമാധാനപരമാണെന്നും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ടിപ്പു സുൽത്താന്റെയും മുഗൾ ചക്രവർത്തി ഔറംഗസീബിന്റെയും ചിത്രങ്ങൾ സോഷ്യൽമീഡിയ സ്റ്റാറ്റസാക്കിയതിന്റെ പേരിൽ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തുകയും സംഘർഷം ഉടലെടുക്കുകയും ചെയ്തിരുന്നു.

ഔറം​ഗസീബിന്റെ ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയതിന് 14കാരനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബീഡ് ജില്ലയിലായിരുന്നു സംഭവം.

സംഭവത്തിൽ പ്രദേശത്ത് സംഘർഷം ഉടലെടുത്തതിനു പിന്നാലെ, സ്‌കൂൾ വിദ്യാർഥി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യുകയും പോസ്റ്റിന് ക്ഷമാപണം നടത്തി വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടും ഹിന്ദുത്വ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഔറംഗസീബിനെയും ടിപ്പു സുൽത്താനെയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിലെ കോലാപൂരിൽ ഹിന്ദുത്വ സംഘടനകൾ വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഇത്.

ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. സംഘർഷത്തിൽ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു പേർ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് സംഘർഷത്തിന് കാരണമായത്.





Similar Posts