India
85000 കോടിയിലധികം രൂപയുടെ ആസ്തി; തിരുമല തിരുപ്പതി ക്ഷേത്രത്തിന്‍റെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു
India

85000 കോടിയിലധികം രൂപയുടെ ആസ്തി; തിരുമല തിരുപ്പതി ക്ഷേത്രത്തിന്‍റെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു

Web Desk
|
27 Sep 2022 2:43 AM GMT

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കർ ഭൂമി. 960 കെട്ടിടങ്ങൾ, തിരുപ്പതിയിൽ മാത്രം 40 ഏക്കർ ഹൗസിങ് പ്ലോട്ടുകൾ

തിരുപ്പതി: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള തിരുമല വെങ്കിടേശ്വര ക്ഷേത്രം. ഇപ്പോള്‍ ആദ്യമായി ക്ഷേത്രത്തിന്‍റെ സ്വത്തുവകകളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ക്ഷേത്രം ട്രസ്റ്റ്. തിരുപ്പതി ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ക്ഷേത്രം ട്രസ്‌റ്റായ ടിടിഡി എന്ന തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാന്‍ വൈ. വി സുബ്ബ റെഡ്ഡിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 85000 കോടിയലധികം രൂപയുടെ സ്വത്തുക്കള്‍ ക്ഷേത്രത്തിനുണ്ടെന്നാണ് കണക്ക്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കർ ഭൂമി. 960 കെട്ടിടങ്ങൾ, തിരുപ്പതിയിൽ മാത്രം 40 ഏക്കർ ഹൗസിങ് പ്ലോട്ടുകൾ. തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയിൽ 2800 ഏക്കർ. കൃഷിഭൂമിയായി മാത്രം 2,231 ഏക്കർ സ്ഥലം. ചിറ്റൂർ നഗരത്തിൽ 16 ഏക്കർ ഭൂമി. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപം, 14 ടൺ സ്വർണശേഖരം. ഇതാണ് ക്ഷേത്രത്തിന്‍റെ സർക്കാർ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരം.

ആകെ വിപണി മൂല്യം കണക്കാക്കിയാൽ മൂല്യം 2 ലക്ഷം കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ടിടിഡിക്കുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പിന്‍വലിച്ചതോടെ ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുടെ ഒഴുക്കാണ്. വെങ്കിടേശ്വര ക്ഷേത്രത്തിലെ മാത്രം ദിവസ വരുമാനം ആറ് കോടിക്ക് മുകളിലാണ്. ഇക്കഴിഞ്ഞ ഏപ്രിലിന് ശേഷം ഭണ്ഡാരത്തിൽ ലഭിച്ചത് 700 കോടിയാണ്. 300 കോടിയുടെ അടിസ്ഥാന സൗകര്യവികസനത്തിനും ട്രസ്റ്റിന് പദ്ധതിയുണ്ട്.

''എൻഡോവ്‌മെന്‍റ് ബോഡികളുടെ നടത്തിപ്പിൽ സുതാര്യത കൊണ്ടുവരുന്നതിനായി ട്രസ്റ്റിന്‍റെ സ്വത്തുക്കളെക്കുറിച്ചും ആസ്തികളെക്കുറിച്ചും ടിടിഡി വെബ്‌സൈറ്റിൽ ഒരു ധവളപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്'' സുബ്ബ റെഡ്ഡി അറിയിച്ചു.

Similar Posts