India
Tirupati Laddu Controversy; Jagan Mohan Reddy wrote a letter to the Prime Minister
India

തിരുപ്പതി ല‍ഡ്ഡു വിവാദം; പ്രധാനമന്ത്രിക്ക് കത്തെഴുതി ജ​ഗൻ മോഹൻ റെഡ്ഡി

Web Desk
|
22 Sep 2024 3:32 PM GMT

'രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കോടിക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ ചന്ദ്രബാബു നായിഡു താഴ്ന്നു'

ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദം കൊഴുക്കുന്നതിനിടെ വൈഎസ്ആർസിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വൈ.എസ് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

'തിരുമല ക്ഷേത്രത്തിലെ പ്രസാദങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മായം കലർന്നതാണെന്നും ഇതിൽ മൃഗക്കൊഴുപ്പുണ്ടെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. ഇത് തീർച്ചയായും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിച്ച നുണയാണ്. 2024 ജൂലൈ 12-ന് തിരുപ്പതിയിൽ മായം കലർത്തിയേക്കാവുന്ന നെയ്യ് അടങ്ങിയ ടാങ്കർ എത്തി, എന്നാൽ അത് നിരസിക്കപ്പെട്ടു. പ്രസാദങ്ങൾ തയ്യാറാക്കാൻ ഈ നെയ്യ് ഉപയോഗിച്ചിരുന്നില്ല.' കത്തിൽ പറയുന്നു.

'രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാത്രം കോടിക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ ഗുരുതരമായി വ്രണപ്പെടുത്തുന്ന തരത്തിൽ ചന്ദ്രബാബു നായിഡു താഴ്ന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഒരു മുഖ്യമന്ത്രിയുടെ മാത്രമല്ല, പൊതുജീവിതത്തിലെ എല്ലാവരുടെയും നിലവാരവും തിരുമല തിരുപ്പതി ദേവസ്വത്തിൻ്റെയും അതിൻ്റെ പ്രവർത്തനങ്ങളുടെയും പവിത്രതയും താഴ്ത്തി. ഈ നിർണായക ഘട്ടത്തിൽ രാജ്യം മുഴുവൻ പ്രധാമന്ത്രിയെ ഉറ്റുനോക്കുന്നു'വെന്നും ജ​ഗൻ കത്തിൽ പറയുന്നു.

തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡ്ഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡ്ഡു നിർമാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar Posts